Wednesday, June 24, 2015

സഹ്യനിലേയ്ക്ക് ഒരു തിരികെയാത്ര


അവനിപ്പോൾ
മനുഷ്യരുടെ
ഒട്ടുമിയ്ക്ക
ഭാഷകളുമറിയാം,

അത്
ഭാരതത്തിനും
അതിനുമപ്പുറത്തേയ്ക്കും
(ചങ്ങലകളില്ലാതെ)
നീണ്ടു കിടക്കുകയാണ്.

കാണാത്ത
ലോകങ്ങളില്ല,
സഞ്ചരിക്കാത്ത
ഇടങ്ങളില്ല,
അതുകൊണ്ടാകണം
അവനിപ്പോൾ
ഭാഷയ്ക്കുവേണ്ടി
ഒരക്ഷരക്കൂട്
ചികയാതെ പോകുന്നത്.

മനുഷ്യമനസ്സുകളിക്കുറിച്ച്
അവന്റെയുള്ളിൽ
അവൻതന്നെ തീർത്ത
ചില സിദ്ധാന്തങ്ങളുണ്ട് ,
കാഴ്ച്ചപ്പാടുകളുണ്ട്.

"ചതിക്കുഴികൾ നിർമിച്ച്,
നൈപുണ്യം തെളിയിച്ച്
ചരിത്രത്തിന്
അടയിരിക്കുന്നവർ " എന്ന് .

മഞ്ഞുവീണ
കണ്‍പോളകൾ
ഇടയ്ക്ക്
താഴ്ന്നു വീഴുമ്പോൾ
അവന്റെ ചിന്തകൾ
സഹ്യാദ്രികളിലേയ്ക്കും
അതിനുമപ്പുറത്ത്
ഇടതടവില്ലാതെ പെയ്യുന്ന
മഴയിലേയ്ക്കും
യാത്രയാവും.

വന്മരങ്ങളുടെ
ചൂളംവിളിയിലും
കുത്തിയൊലിക്കുന്ന
കാട്ടാറുകളിലും
ചെന്നുനിൽക്കും,
അമാവാസിയിലെ
ഇരുണ്ട രാത്രിയെ പുൽകും,
വസന്തകാലത്തിന്റെ
വനനിഗൂടതകളിൽ
സ്വപ്നവിഹാരം നടത്തും



"മകനെ,
നിന്റെ കുസൃതികൾ
കുറച്ചു നേരത്തേയ്ക്ക്
മാറ്റിവെയ്ക്കുക.
കേൾക്കുക,
ശ്രദ്ധിക്കുക,
നടക്കുക.
ഇനിയുള്ള
ഓരോ ചുവടിനും
ഒരായുസ്സിന്റെ നീളമാണ്.

കാടാണ്‌,
കാട്ടാറാണ് ,
ഈ നിശബ്ധത
സൗന്ദര്യത്തെക്കാളേറെ
നിഗൂഡത മാത്രമാണ്."




അവന്റെ ചിന്തകളിൽ
അകലെയകലെ
ഏതേതോ
ശബ്ദകാമനകളുടെ
മാറ്റൊലികളുയരുന്നുണ്ട്,
കൂട്ടം തെറ്റിയവർക്ക്
പ്രതീക്ഷ നൽകുന്നതുപോലെ.

നിലത്തു വീണ
ചെളിച്ചാറിൽ
വീണുരുണ്ടും,
പിടഞ്ഞെണീറ്റും,
മഞ്ഞുതുള്ളികളിലോക്കെ
തെന്നിയും, ചുവടുതെറ്റിയും
അവനങ്ങനെ
ഒഴുകുകയാണ്.

കാടുകണ്ട്,
കാട്ടാറുകണ്ട്,
കാട്ടരുവി കണ്ട്,
കാട്ടുകൈത
അവന്റെ നാവിൻതുമ്പിൽ
സ്നേഹമായി
പരിണമിക്കുന്നു.



"ഒറ്റപ്പെടലുകൾ
ഭയത്തിലും,
ജാഗ്രതയിലുമാണ്
അവസാനിക്കുന്നത്.
പ്രത്യേകിച്ചും
പെണ്ണാകുമ്പോൾ,
പേറ്റുനോവറിയുമ്പോൾ."

ചെറിയോരിടവേള,
ചെറിയൊരു നിശബ്ധത,
അവിടെയായിരുന്നു
കാടും, കാട്ടാറും
അവനെ വേർതിരിച്ചത്.




കയ്യിത്താത്ത
ഗർത്തത്തിൽ
നിസ്സഹായനായി
അവൻ,
അവളുടെ വിലാപം
കാടുകൾക്കും,
കാട്ടാറുകൾക്കും
അപ്പുറത്തേയ്ക്ക്.


ആ... കണ്ണീർപ്പുഴയിലലിഞ്ഞാകണം
കാട് നിശബ്ദമായത്,
കാട്ടരുവികൾ
ഒഴുകാൻ മറന്നത്.



ദൂരെ ദൂരെ
നരാധമൻമാരുടെ
കാലൊച്ച,
പന്തങ്ങൾ,
പരിചാരകർ.

അപ്പോഴൊക്കെ
ഇലപ്പടർപ്പിൽ
ഇലയനക്കങ്ങളില്ലാതെ
രണ്ടു കണ്ണുകൾ.

നിരങ്ങി നീങ്ങുന്ന
രാത്രി വണ്ടിയ്ക്കൊപ്പം
കണ്ണെത്താ ദൂരത്തോളം
യാത്ര തുടർന്നൂ
ആ... പേറ്റുനോവ്.
അമ്മ,
അവിടെ,
അവസാനിക്കുകയാണ്.

പിന്നെ,
യാത്രയായിരുന്നു.

ഒർമകളില്ലാതെ,
ചിന്തകളില്ലാതെ,
താളമേളങ്ങളും,
വർണ്ണ ബലൂണുകളും
വെടിയൊച്ചകളും,
പുരുഷാരങ്ങളും കണ്ട്.



കാഴ്ചയ്ക്ക്
ചെറിയൊരു
പുകമഞ്ഞു പടർന്നെങ്കിലും
കേൾവിയ്ക്ക്
അത്രമാത്രമില്ലെന്ന്
അവൻ, തിരിച്ചറിയുന്നു.

വല്ലപ്പോഴും
വന്നുകയറുന്ന
പരിചാരകാൻ,
നരവീണ
അയാളുടെ
കണ്‍പോളകൾ
ചില, നിർദേശങ്ങൾ
മരിച്ചിട്ടില്ലാ... എന്ന്
സാക്ഷ്യപ്പെടുത്തുന്നു.



പുറത്ത്
ഒരു
ചരക്ക് വണ്ടിയുടെ
ശബ്ദം.
ആംഗലേയ ഭാഷയുടെ
വൃത്തിയും, ശുദ്ധിയും.
ഓർമകളിൽ
ഒരിക്കലും മായാത്ത
ഒരു കടലാസുതുണ്ട്.



അയാളൊരു വിലപറഞ്ഞു
ഭാർഗയിനില്ലാത വില,
രണ്ടുപേർക്കും
സമ്മതം.
ഉടമയും അടിമയും
ഒപ്പിടാതെ പോയ
ഉടമ്പടി.

കൊല്ലാം,
വളർത്താം....!!
പരിഭവമോ പരാതികളോ
ഇല്ല..!



ഇളകിയ വണ്ടിയിൽ
അയാൾക്കൊപ്പം
അവൻ,
രാത്രികളും,
പകലുകളും  ഭേദിച്ച്
അവർ ....!!!


വണ്ടി നിന്നു,
ഇരുവരും
മുഖാമുഖം.
അവർക്കിടയിൽ
ഒന്നുമാത്രം ശബ്ദിച്ചു.

"ഇവിടെ
അവസാനിക്കുകയാണ്
എല്ലാം ....!!!
ഇനി, നിനക്കുപോകാം
നിന്റെ മാതൃ ഗർഭത്തിലേയ്ക്ക്,
ഓർമകളിലേയ്ക്ക്,
നിന്റെ മാത്രം
വിഹാര കേന്ദ്രങ്ങളിലേയ്ക്ക്.

നെഞ്ചിൽ ഒരു
കൊള്ളിയാൻ മിന്നിയോ ?
അറിയില്ല.

അവനിറങ്ങി
ആകാശം നോക്കി,
വറ്റിവരണ്ട
പുഴയെ നോക്കി,
പുഴയ്ക്കപ്പുറം
ചോലമരങ്ങളെ.

കരിമേഘങ്ങൾ,
കാറ്റ്,
മിന്നൽപ്പിണർ.

കാട്ടാറും,
കാട്ടരുവികളും,
നിശ്ചലമായെടുത്തുനിന്ന്
ഒരിക്കൽ കൂടി......!!!!

No comments:

Post a Comment