Thursday, December 31, 2015

പ്രിയ, ഡിസംബർ.

പ്രിയ,
ഡിസംബർ.

ഇത്
വർഷനേത്രങ്ങളുടെ
അവസാന രാത്രിയാണ്.

അതുകൊണ്ട് തന്നെ
ലോകം മുഴുവൻ
നിന്നിലേയ്ക്ക്
ഉറ്റുനോക്കുന്നതും
വിലപിക്കുന്നതും
ഞാൻ അറിയുന്നുണ്ട്.

ഹർഷഭരിതമായ
ജനുവരിയുടെ
പിറവിയിൽ നിന്ന്,
നിന്റെ
വ്യാകുലതകളിൽ നിന്ന്
ആയിരമായിരം
സാത്താന്മാർ
പിറവിയെടുക്കുമെന്നും
അട്ടഹാസങ്ങളിൽ
മുഴുകി
നീണ്ട നിശബ്ധതയിൽ
അവസാനിക്കുമെന്നും
എന്റെ മൌനം
എന്നോട്  പറയുന്നു.

നീയപ്പോൾ
പരകായപ്രവേശത്തിന്
ഒരുങ്ങുകയാവും....!!!!

Tuesday, December 15, 2015

കൂട്ടത്തിൽ തനിയെ

വനാന്തരങ്ങളിൽ
പൂവിടാൻ വെമ്പുന്ന
വസന്ത മുല്ലകളെക്കുറിച്ചും,
കണ്ടുകണ്ട്
കൊതിതീരാത്ത
നീലരാവുകളെക്കുറിച്ചും
അയാൾ
ഉച്ചത്തിലുച്ചത്തിൽ
പാടിക്കൊണ്ടിരുന്നു.

കഴ്ച്ചക്കാരില്ലാതെ ,
കേൾവിക്കാരില്ലാതെ,
ഉച്ചത്തിലുച്ചത്തിൽ.

Friday, November 6, 2015

ലോകമേ നിനക്കായി



ജീവിതം
എരിഞ്ഞടങ്ങും മുമ്പ്,
കത്തുന്നൊരഗ്നിയായ്
എനിക്ക്
പുനർജനിക്കണം,

അക്ഷരങ്ങളായും,
വാക്കുകളായും,
അടയാളപ്പെടുത്തണം.

ഞാൻ
നിന്നിലെയ്ക്ക്
ഉയർത്തെഴുനേൽക്കും
വരെ,
കാത്തിരിക്കുക....!!!!

മണി പേഴ്സ്

നീയിന്നലെ
വിടർത്തി നിലത്തിട്ട
എന്റെ പേഴ്സിൽനിന്ന്
അടർന്നു വീണതൊക്കെ
എന്റെ
സ്വകാര്യതകളായിരുന്നു.

അതുകൊണ്ട്
ഇന്നുമുതൽ
ഞാനവ
ഉപേക്ഷിക്കുകയാണ്.

എനിക്കെന്റെ
പഴയ ലോകം മതി
തുറന്ന
പുസ്തകം പോലെ
ജീവിക്കാൻ
പ്രേരിപ്പിക്കുന്ന
എന്തോ......!!!! അത് .

Saturday, October 24, 2015

സ്വപ്നങ്ങൾ പടിയിറങ്ങുമ്പോൾ

സ്വപ്നങ്ങൾ
പടിയിറങ്ങുമ്പോഴാണ്
ആത്മാവിലോക്കെ
മഞ്ഞുകണമുരുകുന്നത്‌.

അത്
ചിലപ്പോൾ,
വേലിപ്പടർപ്പിലെ
വിതുമ്പുന്ന
ഇത്തിരിത്തുള്ളിയാകാം,
പൊടിമണ്ണിനെ
പുതപ്പിക്കുന്ന
ഓർമ്മപ്പെയ്ത്താകാം,
കൊടും ശിശിരത്തിന്റെ
രേഖപ്പെടുത്തലാകാം.

അവ,
അനിർവചനീയമാകുന്നത്
സ്വപ്നങ്ങൾ
പടിയിറങ്ങുമ്പോഴാണ് ....!!!!

Thursday, October 22, 2015

വിടപറയുമ്പോൾ

വിടപറയുമ്പോൾ
************************

വനാന്തരങ്ങളിൽ
കുമഞ്ഞുകൂടുന്ന
ഇരുട്ടേ.....,

നിന്റെ
വിരലുകളൊക്കെ
പതിയെ വിടർത്തുക,

വേനൽ
പടിയിറങ്ങും മുമ്പ്
ഒരിക്കൽക്കൂടി
ഞാൻ,
വിളിക്കും.....!!!

ഇതെന്റെ
അവസാന
വാക്കാണ്‌ .....!!!!

Saturday, October 10, 2015

ഉത്തരത്തിലെ പല്ലി..

ഉത്തരം
പല്ലിയെ നോക്കി
പല്ലിളിച്ചു കാണിച്ചു....!!!

ഉത്തരത്തിൽ
അള്ളിപ്പിടിച്ചു
പല്ലിയും!!!!

ഉത്തരത്തിന്റെ
ചിരി,
പല്ലിയുടെ
രോഷം.

പല്ലി
ഉത്തരത്തോട്..,

"എന്റെ
പിടിയോന്നു
വിട്ടാലുണ്ടല്ലോ????"

ഉത്തരം
പിന്നെയും
ചിരിച്ചുചിരിച്ച് .....!!!!

Friday, October 9, 2015

പ്രണയിച്ച് പ്രണയിച്ച് മഴയ്ക്കൊപ്പം

മഴയെ
പ്രണയിച്ച്,
മഴയെ
പ്രണയിച്ച്,
ഒരിക്കലവൾ
മഴയ്ക്കൊപ്പം
പടിയിറങ്ങി.

ഇരവെള്ളത്തിന്റെ
തെളിച്ചം
മണ്ണിൽവീണ്
ചുവക്കുന്നതും,
കാറ്റ്
മരംകുലുക്കുന്നതും,
ഇലവെള്ളം
കളിയാക്കിവീഴുന്നതും
കണ്ടു.

മഴച്ചാലുകള്,
ഇടവഴി,
പാടം,
കായൽ,
കടൽ.

പെട്ടന്ന്
കേട്ടുപോയ
സൂര്യബിംബം.

അവൾ
പ്രണയിച്ച്
പ്രണയിച്ച്
മഴയ്ക്കൊപ്പം
ഇറങ്ങിപ്പോയോളായിരുന്നു.

Thursday, October 8, 2015

ഉപേക്ഷിക്കപ്പെട്ടവരുടെ സ്വപ്‌നങ്ങൾ

ഉപേക്ഷിക്കപ്പെട്ടവരുടെ
ഹൃദയവും,
സ്വപ്‌നങ്ങളും
മുറിവുണങ്ങാത്ത
ഒരു കവിതപോലെയാണ്.....!!!

അവ,
ഗൃഹാതുരത്വത്തിന്റെ
നീലജാലകങ്ങളേറും,
കാഴ്ച്ചയെ മറയ്ക്കും,

വിഷാദരാഗങ്ങളിൽ
മുഴുകി,
വിധിയെ
നോക്കുകുത്തിയാക്കും....!!!

Tuesday, September 8, 2015

കണ്ണാടിക്കാഴ്ച

കാഴ്ചകളെ
തടഞ്ഞു നിർത്തുന്ന
രസക്കൂട്ടുകൾക്കും
അപ്പുറത്താണ്
കണ്ണാടിക്കാഴ്ച്ചകളുടെ
ലോകം.

അവിടെ
പ്രപഞ്ചതാളത്തോളം
ആത്മാശം കലർന്ന
ചിന്തകളുടെ
നിർവചനങ്ങളുണ്ട്‌,

സത്യവും, മിഥ്യയും
തരംതിരിക്കുന്നുണ്ട്.

നീ.......
നിന്നിൽ തുടങ്ങി,
നിന്നിലേയ്ക്ക് തന്നെ
മടങ്ങണമെന്ന്
നിശബ്ധാമായെങ്കിലും
ഒരു ധ്വനി
ഭാക്കി നിൽക്കുന്നുണ്ട്.

കാഴ്ച്ചയുടെ
അമൂർത്ത ഭാവങ്ങൾ,
അതേക്കുറിച്ചാണ്
കണ്ണാടി
എന്നും ഓർമിപ്പിക്കുന്നത്‌.

Sunday, September 6, 2015

njan

ആടയാഭരണങ്ങളില്ലാതെ
പിറവിയ്ക്കൊപ്പം
അടർന്നുവീഴുന്ന
സ്നേഹത്തിന്റെ
മൂർത്തഭാവം
അമ്മ.

നമുക്ക്
നാം മാത്രമെന്ന്
ഒറ്റവരിയിലൊതുക്കി
സ്നേഹത്തിന്
നിറപ്പകർച്ച നല്കിയ
അച്ഛൻ.

ലോകത്തെ
ഞെരുക്കിഞെരുക്കി
കൈക്കുമ്പിളിലിട്ട്
നോക്കാൻ പറഞ്ഞവൾ
കാമുകി.

ഇടക്കെപ്പോഴോ
കടന്നെത്തുന്ന
വസന്തത്തിന്റെ
സാമീപ്യം പോലെ
അനുജത്തി.

പിന്നെ
ഞാൻ ആരാണ്???

നിലനിൽപ്പുകൾ
നഷ്ടപ്പെടുന്നിടത്ത്
നീയറിയാത്ത ഞാൻ
ഞാനായിത്തന്നെ
നിലനിൽക്കട്ടെ....!!!!!


Thursday, September 3, 2015

ഇന്ന് രാവിലെ (Dog Jock) 04-09-2015

ഇന്ന് രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ മുന്നിലുണ്ട് ഒരു പട്ടിക്കുട്ടി. വഴി വളരെ ചെറുതായതുകൊണ്ട് ഞാൻ അവനെയും അവൻ എന്നെയും മുഖാമുഖം നോക്കി....!!! തുടുത്തു നില്ക്കുന്ന അവന്റെ മുഖത്ത് നനുത്ത കുട്ടിത്തവും, ഭയവും,  ഒരുമിച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്കൊരു രസം...!!! ഞാൻ അവനടുത്തെയ്ക്ക് പതിയെ നീങ്ങുകയും.... പെട്ടന്ന്, ഫര്ര്ര്ര്ര്ർ എന്നൊരു ശബ്ദമുണ്ടാക്കുകയും ചെയ്തു. അതുകണ്ട്  ഭയന്ന് വിറച്ച  അവൻ അവന്റെ  സ്വതസിദ്ധമായ  ശൈലിയിൽ മോങ്ങിക്കൊണ്ട് ജീവനും കൊണ്ട് കുറച്ചുദൂരം ....!!! പിന്നെ ധൈര്യം സംഭരിച്ച്  തിരിഞ്ഞു നിന്ന്  നാലഞ്ചു മുട്ടൻ തെറിയാണ്.....!!!! (@####+++******?????<<<>>>>!!!!)  എന്റെ ദൈവമേ അവനിപ്പോ തന്നെ ഇങ്ങനെയ്യാനെങ്കിൽ ഭാവിയിൽ എന്താകുമോ  ആവോ!!

Monday, August 24, 2015

രക്തസാക്ഷി

ഇനിയും
ഉറഞ്ഞുകൂടാത്ത
ചോരയിലേയ്ക്ക് നോക്കി
പകച്ചു നിൽക്കുന്നൂ
ചിലർ,

വിളറിപ്പോയ
മുഖങ്ങളൊക്കെ,
നിറങ്ങളുടെ
നീതിശാസ്ത്രങ്ങൾ
തിരയുന്നു.

റീത്തിന്
ചുവപ്പോ വെളുപ്പോ???

വെളുപ്പ്‌
രക്തസാക്ഷികൾക്കുള്ള
ആത്മ സമർപ്പണമെന്ന്
ഒരുപക്ഷം,

ചുവപ്പിനാൽ
പ്രകാശിമാകുന്ന
രക്തസാക്ഷികൾ
മരിക്കുന്നില്ലെന്ന്
വേറെ ഒരുപക്ഷം.

പാതി മരിച്ചവർ
മരണം
രേഖപ്പെടുത്താത്തവർ
എങ്ങനെയാണ്
രക്തസാക്ഷികളാവുന്നത് ???

Saturday, August 15, 2015

വന്ദേമാതരം

ഓഫീസിലേയ്ക്ക് കയറുമ്പോൾ
അതിനു മുന്നിൽ  ഉയർത്തികെട്ടിയ
ത്രിവർണപതാക നോക്കി
അവിടെയുള്ള
പ്രായം കുറഞ്ഞ
ജോലിക്കാർ
എന്നോട്
ഒരു ചോദ്യം,

പ്രജീഷേട്ടൻ പതാകയ്ക്കു
ഒരു സല്യൂട്ട്
കൊടുക്കുന്നില്ലേ എന്ന്....!!!

കൂടുതലൊന്നും
പറയാൻ നില്ക്കാതെ,
ഇളകിയാടുന്ന പതാക നോക്കി
ഹൃദയം നിറഞ്ഞ
ഒരു ബിഗ്‌ സല്യൂട്ട് കൊടുക്കുമ്പോൾ,
 
ഉള്ളിലെവിടെയോ
ചെറിയൊരു വേദന,
സ്വാതന്ത്ര്യം കാത്ത്
വീരമൃത്യു വരിച്ചവർക്ക്
രണ്ടുതുള്ളി കണ്ണുനീർ,

വന്ദേമാതരം   ............!!!!

Friday, August 14, 2015

കാക്കപ്പെണ്ണ് (Story)

വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ചെറിയ ഡിസൈനിംഗ് സെന്റെറിൽ ജോലി ചെയ്തിരുന്ന കാലം. ആ കാലത്ത് ചായയും, ഉണും, യാത്രാ ചെലവും കഴിഞ്ഞാൽ പിന്നെയൊന്നും   മാറ്റി വെയ്ക്കനുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്നായിരുന്നു  ഉച്ചഭക്ഷണവും വെള്ളവുമൊക്കെ  കൊണ്ടുപോയിരുന്നത്.

വിരസമായ ആ യാത്രകൾക്കിടയിലായിരുന്നു ഒരിക്കൽ ഒരു കാക്ക പെണ്ണുമായി ഞാൻ സൗഹൃദത്തിലാകുന്നത്. ആദ്യമൊക്കെ അവള് ഒരുപാട് അകലത്തിലായിരുന്നു. പിന്നെപ്പിന്നെ, അടുത്തടുത്ത്, എന്റെ തൊട്ടരികിൽ വരെ , പിന്നെയും കുറേക്കാലം കഴിഞ്ഞപ്പോൾ എന്റെ നിറം കണ്ടാൽ മതി എന്ന അവസ്ഥയിലായി ......!!!

കൈകഴുകി ഞാനിരുന്നാൽ തൊട്ടടുത്ത്‌ അവളുമുണ്ടാകും. എന്നുവെച്ച്, കൊത്തിവലിക്കാനൊ, തട്ടിതെറിപ്പിക്കാനോ ഒന്നും അവൾ ശ്രമിക്കറില്ലട്ടോ.!! പത്രം തുറന്നാൽ അവളിടെ മുഖത്ത് ഒരു പ്രത്യേക തിളക്കമായിരിക്കും. ഒരു കാക്കപ്പാട്ട് പതിയെ മൂളും.

പിന്നെ, ഭാഗം വെയ്ക്കലാണ്. ചിലപ്പോ മീനോ, മോട്ടയോ ഒക്കെ പാത്രത്തിൽ നിറയെ കാണും."നിനക്കിനിയും വെണോടി" ന്ന്.... ചോദിച്ചാൽ ചെറുതായി ഒന്ന് കുറുകും.  ഞാനവിടെനിന്ന്  പുതിയൊരിടം തേടുന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു....!!! ഇപ്പൊ എന്നെപ്പോലെത്തന്നെ  അവളും മറന്നിട്ടുണ്ടാകും.

കൊടുക്കുന്തോറും കൂടികൂടി വരുന്ന ഒന്നുമാത്രമേ ഉള്ളു എന്ന്  ഞാൻ വിശ്വസിക്കുന്നു......!!! അതിനെയാകണം ആളുകളിങ്ങനെ സ്നേഹമെന്നും ഇഷ്ടമെന്നുമൊക്കെ മാറ്റിമാറ്റി പേരുകളിട്ട്  രേഖപ്പെടുത്തി വെയ്ക്കുന്നത് .....!!!

independence day


Thursday, August 13, 2015

കാക്ക

കാകാ....രവം
മുഴക്കീടുന്ന കാകരേ,
കാടിന്റെ മാത്രം
കറുത്ത മുത്തോ നിങ്ങൾ,
കാടിനും നാടിനും
നന്മകൾ നേരുന്ന
കാലപ്പെരുമയ്ക്കു-
ണർത്തുപാട്ടോ???

കാറും കറുപ്പു-
മുണർത്തുമാകാശത്ത്‌
നീങ്ങിത്തുടങ്ങും
മുകിൽക്കൂട്ടമാലയോ,
വേനലിൻ ചില്ലയിൽ
തൂങ്ങിയാടും ചെറു-
നോവിന്റെ നേർത്തു
കറുത്തൊരു ബിംബമോ???

ഓർത്ത്‌ വരുന്ന
വിരുന്നുകാരെ കണ്ട്
ഓർമ പുതുക്കുവാ-
നുള്ള സന്ദേശമോ,
നിത്യസന്ദേഹമോ,
നിർമലസ്നേഹമോ
സത്യവിശുദ്ധ
വികാരസ്ഫുരണമോ???

Monday, August 10, 2015

മഴമേഘങ്ങൾക്കൊപ്പം

മഴമേഘങ്ങൾ
വാലിട്ടെഴുതിയ
ആകാശച്ചെരിവിലൂടെ,
അവയുടെ
വിഷാദരാഗങ്ങളിൽ മുഴുകി,
അല്പസമയം
നമുക്ക്
നിശബ്ദരായി
നടക്കാം.

അവ,
കണ്ടെത്തുന്ന
ആലേഖനങ്ങളിൽ
മുഴുകി,
മാനിനേയും,
മുയലിനേയും,
ആശ്വരഥങ്ങളേയും
കാഴ്ച്ചയിൽ പകർത്താം.

കാണാൻ മറന്നവർക്ക്‌,
കാഴ്ചകൾ നഷ്ടപ്പെട്ടവർക്ക്,
കറുത്ത ഹൃദയമുള്ളവർക്ക്,
ശബ്ദവും പ്രകാശവുമായി
നമുക്കത്
മാറ്റി രേഖപ്പെടുത്താം.

തിരക്കുകളൊഴിയുമ്പോൾ
കാണട്ടെ,
ഹൃദയത്തിലോക്കെ
ആകാശത്തോളം
സ്നേഹം നിറയട്ടെ.!!!

ഇപ്പോൾ,
വിഷാദം മറന്ന
ആ.... മേഘങ്ങളൊക്കെ,
പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും.
നമുക്കും
അതിനൊപ്പം കൂട്ടുകൂടാം.

അവ,
ഇനിയും
വരച്ചു കൂട്ടുന്ന
കുഞ്ഞുകുഞ്ഞരുവികളിലേയ്ക്ക്,
തോടുകളിലേയ്ക്ക്,
പുഴകളിലേയ്ക്ക്,
അവയുടെ
സംഗമ തീരങ്ങളിലേയ്ക്ക്‌
അങ്ങനെയങ്ങനെ
ഒരിക്കലുമവസാനിക്കാതെ .....!!!

Tuesday, August 4, 2015

ആത്മാക്കൾ ഉണരുമ്പോൾ

എനിക്ക് ചുറ്റും
കോടാനുകോടി
ആത്മാക്കളുടെ
നീണ്ട നിലവിളികൾ
അലയടിക്കുന്നുണ്ട്,
മരിച്ചുപൊയവരും,
ജീവിച്ചിരിക്കുന്നവരുമായ
ദുരാത്മാക്കളുടെ.

കളിച്ചും, ചിരിച്ചും,
കുശലം പറഞ്ഞും,
ചുമലിൽ തട്ടിയും,
അവർ
കാഴ്ചകൾക്കപ്പുറമിരുന്ന്
കേൾവിയെ
ഉന്മൂലനം ചെയ്യുകയാണ്.

അവയ്ക്ക്
ഏതു ശൈത്യത്തിലും
ഹൃദയത്തിന്റെ
ആഴമളക്കാൻ കഴിയും,
സന്ധ്യയോടു ചേർന്ന്
കറുപ്പ് നിറയ്ക്കാൻ കഴിയും.

ഇപ്പോൾ
തുരുത്തുകളൊക്കെ
ഒറ്റപ്പെടലുകളെയും,
നിലവിളികളൊക്കെ
അശാന്തിയേയും
ഓർമിപ്പിക്കുകയാണ്.

ഒരിക്കൽ
അവയൊക്കെ
കറുത്തിരുണ്ട രൂപങ്ങളായി
ദ്രവിച്ചു തള്ളിയപല്ലുകൾ കാണിച്ച്,
ആധരം നിറയെ  രക്തമുറ്റിച്ച്,
അരൂപികളായി പിറവിയെടുക്കും,
ഇരുട്ടിലങ്ങനെ  താണ്ടവം ചെയ്യും.

എന്റെ ഉൾവിളികൾക്ക്‌
കാതോർത്താണ ല്ലോ
അവയൊക്കെ
അവിടെ
ആഗതമായിരിക്കുന്നത്,
എന്നതിനാൽ....!!!

മാണ്‍തരികൾ ചുംബിക്കാത്ത
ചുവന്ന രക്തത്താൽ, മാംസത്താൽ
ഞാനവയ്ക്ക് വിരുന്നൊരുക്കാം....!!!

Monday, August 3, 2015

ശാരികേയെന്തിത്ര മാറുവാൻ

ശാരികേ-
യെന്തിത്ര മാറുവാൻ.

തമ്മിൽ നാം
കാണാതെ,
ഉണ്ണില്ലുറങ്ങയി-
ല്ലെങ്കിലുമിത്രമേൽ
മാറുവാൻ
എന്തെന്റെ ശാരികേ...!!!

നിന്റെ
അഴകുള്ള
മിഴികൾ കണ്ടല്ലേ,
ഞാൻ
എഴുതാൻ പഠിച്ചതും,
വരയാൻ പഠിച്ചതും,
സ്വപ്‌നങ്ങൾ
നെയ്യാൻ പഠിച്ചതും,

നിന്റെ-
യലിവുള്ള
സ്മൃതികൾ കൊണ്ടല്ലേ,

ഞാൻ
മഴയായ് രമിച്ചതും,
മലരായ് തുടിച്ചതും,
മധുഗന്ധമായങ്ങലഞ്ഞതും.

എന്നിട്ടുമെന്തെന്റെ
ശാരികേ-
യിത്രമേൽ മാറുവാൻ.

Friday, July 31, 2015

കത്തെഴുത്ത്

വർഷങ്ങൾക്ക്
മുമ്പാണ്
ഞാൻ
അവസാനമായി
ഒരു
കത്തെഴുതിയത്.

ആകാശനീലിമയിൽ
മുക്കിയെടുത്ത
ആ.. കടലാസിൽ
എന്തുമാത്രം
വാക്കുകളെയാണ്
അന്ന്
ഒളിപ്പിച്ചത്
എന്ന്,
ഞാനിപ്പോഴും
ഒർമിക്കുന്നില്ല.

എഴുതി
അവസാനിക്കുമ്പോൾ
എനിക്ക്
പിന്നെയും പിന്നെയും
വായിച്ചു തുടങ്ങണം,

മറന്നുവെച്ചതും
മാറ്റിവെച്ചതും
ഭാക്കിയായതുമൊക്കെ
വേർതിരിച്ച്
ഉറപ്പുവരുത്തണം.

പിന്നെ
കാത്തിരിപ്പാണ്.

ദിവസങ്ങൾ
നീണ്ടുപോകുന്നതോടെ
മറുപടിയെ കുറിച്ച്
പതിയെപ്പതിയെ
മറന്നുതുടങ്ങും.

എങ്കിലും
ഓർമകളുടെ
തേരിലേറി
അവ
തിരിച്ചു വരുന്ന
അപൂർവ്വനിമിഷങ്ങൾ

ഒരു
കവിതയുടെ
അച്ചടി മഴിയിൽപ്പൊലും....!!!!

Sunday, July 26, 2015

പെയ്തു തോരാത്ത കർക്കിടക മഴയിലേയ്ക്ക്‌

പെയ്തു തോരാത്ത
കർക്കിടക മഴയിലേയ്ക്ക്‌
അവളെ തേടി
അവൻ.

അവന്റെ
പുഞ്ചിരിയിൽ
നനഞ്ഞുനനഞ്ഞ്
നാണിച്ചുനാണിച്ച്
അവൾ.

ഞൊടിയിൽ
പടർന്നു കയറാവുന്ന
അവന്റെ
ചുംബങ്ങൾ
അവളുടെ ആത്മാവിൽ
സാഗരം തീർക്കുന്നു.

നിശ്വാസം
കാറ്റായും,
കനലായും
രൂപാന്തരം കൊള്ളുന്നു.

പൊഴിഞ്ഞു വീഴുന്ന
ഉടയാടകളായി
ചുറ്റും
ഇരുണ്ട മേഘങ്ങൾ.

ഇനിയവൾ
സ്വർണ്ണനൂല് വിരിച്ച
മഴപ്പട്ടിൽ
നഗ്നയായി
നിവർന്നു കിടക്കട്ടെ.

പിറവിയുടെ
ഹരിത ബീജങ്ങളേറ്റ്
ക്ഷീണത്താൽ
ശയിക്കട്ടെ....!!!

തോരാത്ത
കർക്കിടകമഴയിൽ.....!!!

Monday, July 6, 2015

സർവനാമം (ഗോപാലേട്ടൻ )

ഒരു നെഞ്ച് വേദന
ഒരു ചമ,
ഓടിപ്പോയ വണ്ടിയിൽ
അതേ.. വേഗത്തിൽ
തിരിച്ചു വന്നു
ഗോപാലേട്ടൻ.

കടന്നു വന്നവരിൽ
ഒരാൾ ചോദിച്ചു.

ബോഡി
വന്നില്ലേ എന്ന്.

എപ്പോഴാണ്
ശവമടക്ക്
എന്ന്
മറ്റൊരാൾ.

വളരെ ചുരുങ്ങിയ
സമയംകൊണ്ട്
ഏത്രപെട്ടന്നാണ്
ഗോപാലേട്ടൻ,
ഗോപലേട്ടനല്ലാതായത്..!!

Tuesday, June 30, 2015

പിണക്കം

പ്രണയം
പരിഭവമാകും,
പരിഭവം
പിണക്കങ്ങളും .

എങ്കിലും,
ചില പിണക്കങ്ങൾ,
മഞ്ഞുമലകളിൽ
തീക്കാറ്റ്
വീശുന്നതുപോലെയാണ് .

കാ ഴ്ച്ചകൾക്കിടയിലൂടെ

പിടിവിട്ട
ഒരു കാഴ്ച
അവസാനിച്ചത്‌
മറ്റൊരു
കാഴ്ചയുടെ
തുടക്കത്തിലായിരുന്നു.

അപ്പോൾ,
കാമനകളുടെ
പൂർവ്വബിംബത്തിൽ
തട്ടിനിൽക്കുകയായിരുന്നു
അത്.

ചിരിയും
ചിന്തയും
വഴിനീളെ
ചിതറിക്കിടക്കുന്നുണ്ട്.

എന്നിട്ടും
ഇടയ്ക്ക്
കാഴ്ചകൾ
മാത്രം.

എഴുത്തുകൾ

പേരറ്റത്ത്
ഒരു വാൽക്കഷ്ണം
കുറിച്ച്
കേരളം വിട്ടു
ഒരു യുവകവി.

കവിതയും
ജീവിതവും
ഒരുമിച്ചു നിൽക്കെ,
"കവിത
ഒന്നും തന്നില്ല"
എന്നെഴുതി
പടിയിറങ്ങിപ്പോയ
മറ്റൊരു കവി.

ഇനിയുമുണ്ട്
എനിക്ക് പറയാൻ
എന്നൊർമിപ്പിച്ച്,
വയലുകളേയും
കുന്നുകളെയും നോക്കി
വിലപിക്കുന്ന
വേറൊരു കവി.

ഇവിടെ
എവിടെയാണ്
ഞാൻ
എന്നെ
കണ്ടെത്തേണ്ടത് ????

Thursday, June 25, 2015

പ്രതിഭകൾ

പ്രതിഭകൾ
അങ്ങനെയാണ്.

"നിശബ്ധതയിൽ
പൂക്കുകയും
പ്രകമ്പനം
സൃഷ്ടിക്കുകയും
ചെയ്യുന്നവർ"

Wednesday, June 24, 2015

സഹ്യനിലേയ്ക്ക് ഒരു തിരികെയാത്ര


അവനിപ്പോൾ
മനുഷ്യരുടെ
ഒട്ടുമിയ്ക്ക
ഭാഷകളുമറിയാം,

അത്
ഭാരതത്തിനും
അതിനുമപ്പുറത്തേയ്ക്കും
(ചങ്ങലകളില്ലാതെ)
നീണ്ടു കിടക്കുകയാണ്.

കാണാത്ത
ലോകങ്ങളില്ല,
സഞ്ചരിക്കാത്ത
ഇടങ്ങളില്ല,
അതുകൊണ്ടാകണം
അവനിപ്പോൾ
ഭാഷയ്ക്കുവേണ്ടി
ഒരക്ഷരക്കൂട്
ചികയാതെ പോകുന്നത്.

മനുഷ്യമനസ്സുകളിക്കുറിച്ച്
അവന്റെയുള്ളിൽ
അവൻതന്നെ തീർത്ത
ചില സിദ്ധാന്തങ്ങളുണ്ട് ,
കാഴ്ച്ചപ്പാടുകളുണ്ട്.

"ചതിക്കുഴികൾ നിർമിച്ച്,
നൈപുണ്യം തെളിയിച്ച്
ചരിത്രത്തിന്
അടയിരിക്കുന്നവർ " എന്ന് .

മഞ്ഞുവീണ
കണ്‍പോളകൾ
ഇടയ്ക്ക്
താഴ്ന്നു വീഴുമ്പോൾ
അവന്റെ ചിന്തകൾ
സഹ്യാദ്രികളിലേയ്ക്കും
അതിനുമപ്പുറത്ത്
ഇടതടവില്ലാതെ പെയ്യുന്ന
മഴയിലേയ്ക്കും
യാത്രയാവും.

വന്മരങ്ങളുടെ
ചൂളംവിളിയിലും
കുത്തിയൊലിക്കുന്ന
കാട്ടാറുകളിലും
ചെന്നുനിൽക്കും,
അമാവാസിയിലെ
ഇരുണ്ട രാത്രിയെ പുൽകും,
വസന്തകാലത്തിന്റെ
വനനിഗൂടതകളിൽ
സ്വപ്നവിഹാരം നടത്തും



"മകനെ,
നിന്റെ കുസൃതികൾ
കുറച്ചു നേരത്തേയ്ക്ക്
മാറ്റിവെയ്ക്കുക.
കേൾക്കുക,
ശ്രദ്ധിക്കുക,
നടക്കുക.
ഇനിയുള്ള
ഓരോ ചുവടിനും
ഒരായുസ്സിന്റെ നീളമാണ്.

കാടാണ്‌,
കാട്ടാറാണ് ,
ഈ നിശബ്ധത
സൗന്ദര്യത്തെക്കാളേറെ
നിഗൂഡത മാത്രമാണ്."




അവന്റെ ചിന്തകളിൽ
അകലെയകലെ
ഏതേതോ
ശബ്ദകാമനകളുടെ
മാറ്റൊലികളുയരുന്നുണ്ട്,
കൂട്ടം തെറ്റിയവർക്ക്
പ്രതീക്ഷ നൽകുന്നതുപോലെ.

നിലത്തു വീണ
ചെളിച്ചാറിൽ
വീണുരുണ്ടും,
പിടഞ്ഞെണീറ്റും,
മഞ്ഞുതുള്ളികളിലോക്കെ
തെന്നിയും, ചുവടുതെറ്റിയും
അവനങ്ങനെ
ഒഴുകുകയാണ്.

കാടുകണ്ട്,
കാട്ടാറുകണ്ട്,
കാട്ടരുവി കണ്ട്,
കാട്ടുകൈത
അവന്റെ നാവിൻതുമ്പിൽ
സ്നേഹമായി
പരിണമിക്കുന്നു.



"ഒറ്റപ്പെടലുകൾ
ഭയത്തിലും,
ജാഗ്രതയിലുമാണ്
അവസാനിക്കുന്നത്.
പ്രത്യേകിച്ചും
പെണ്ണാകുമ്പോൾ,
പേറ്റുനോവറിയുമ്പോൾ."

ചെറിയോരിടവേള,
ചെറിയൊരു നിശബ്ധത,
അവിടെയായിരുന്നു
കാടും, കാട്ടാറും
അവനെ വേർതിരിച്ചത്.




കയ്യിത്താത്ത
ഗർത്തത്തിൽ
നിസ്സഹായനായി
അവൻ,
അവളുടെ വിലാപം
കാടുകൾക്കും,
കാട്ടാറുകൾക്കും
അപ്പുറത്തേയ്ക്ക്.


ആ... കണ്ണീർപ്പുഴയിലലിഞ്ഞാകണം
കാട് നിശബ്ദമായത്,
കാട്ടരുവികൾ
ഒഴുകാൻ മറന്നത്.



ദൂരെ ദൂരെ
നരാധമൻമാരുടെ
കാലൊച്ച,
പന്തങ്ങൾ,
പരിചാരകർ.

അപ്പോഴൊക്കെ
ഇലപ്പടർപ്പിൽ
ഇലയനക്കങ്ങളില്ലാതെ
രണ്ടു കണ്ണുകൾ.

നിരങ്ങി നീങ്ങുന്ന
രാത്രി വണ്ടിയ്ക്കൊപ്പം
കണ്ണെത്താ ദൂരത്തോളം
യാത്ര തുടർന്നൂ
ആ... പേറ്റുനോവ്.
അമ്മ,
അവിടെ,
അവസാനിക്കുകയാണ്.

പിന്നെ,
യാത്രയായിരുന്നു.

ഒർമകളില്ലാതെ,
ചിന്തകളില്ലാതെ,
താളമേളങ്ങളും,
വർണ്ണ ബലൂണുകളും
വെടിയൊച്ചകളും,
പുരുഷാരങ്ങളും കണ്ട്.



കാഴ്ചയ്ക്ക്
ചെറിയൊരു
പുകമഞ്ഞു പടർന്നെങ്കിലും
കേൾവിയ്ക്ക്
അത്രമാത്രമില്ലെന്ന്
അവൻ, തിരിച്ചറിയുന്നു.

വല്ലപ്പോഴും
വന്നുകയറുന്ന
പരിചാരകാൻ,
നരവീണ
അയാളുടെ
കണ്‍പോളകൾ
ചില, നിർദേശങ്ങൾ
മരിച്ചിട്ടില്ലാ... എന്ന്
സാക്ഷ്യപ്പെടുത്തുന്നു.



പുറത്ത്
ഒരു
ചരക്ക് വണ്ടിയുടെ
ശബ്ദം.
ആംഗലേയ ഭാഷയുടെ
വൃത്തിയും, ശുദ്ധിയും.
ഓർമകളിൽ
ഒരിക്കലും മായാത്ത
ഒരു കടലാസുതുണ്ട്.



അയാളൊരു വിലപറഞ്ഞു
ഭാർഗയിനില്ലാത വില,
രണ്ടുപേർക്കും
സമ്മതം.
ഉടമയും അടിമയും
ഒപ്പിടാതെ പോയ
ഉടമ്പടി.

കൊല്ലാം,
വളർത്താം....!!
പരിഭവമോ പരാതികളോ
ഇല്ല..!



ഇളകിയ വണ്ടിയിൽ
അയാൾക്കൊപ്പം
അവൻ,
രാത്രികളും,
പകലുകളും  ഭേദിച്ച്
അവർ ....!!!


വണ്ടി നിന്നു,
ഇരുവരും
മുഖാമുഖം.
അവർക്കിടയിൽ
ഒന്നുമാത്രം ശബ്ദിച്ചു.

"ഇവിടെ
അവസാനിക്കുകയാണ്
എല്ലാം ....!!!
ഇനി, നിനക്കുപോകാം
നിന്റെ മാതൃ ഗർഭത്തിലേയ്ക്ക്,
ഓർമകളിലേയ്ക്ക്,
നിന്റെ മാത്രം
വിഹാര കേന്ദ്രങ്ങളിലേയ്ക്ക്.

നെഞ്ചിൽ ഒരു
കൊള്ളിയാൻ മിന്നിയോ ?
അറിയില്ല.

അവനിറങ്ങി
ആകാശം നോക്കി,
വറ്റിവരണ്ട
പുഴയെ നോക്കി,
പുഴയ്ക്കപ്പുറം
ചോലമരങ്ങളെ.

കരിമേഘങ്ങൾ,
കാറ്റ്,
മിന്നൽപ്പിണർ.

കാട്ടാറും,
കാട്ടരുവികളും,
നിശ്ചലമായെടുത്തുനിന്ന്
ഒരിക്കൽ കൂടി......!!!!

Friday, June 19, 2015

അഗ്നിപുഷ്പങ്ങൾ

ആകാശം നിറയെ
നക്ഷത്രങ്ങളും,
ഭൂമി നിറയെ
പൂക്കളുമുള്ള
ഒരു വസന്തകാലത്തെ കുറിച്ചായിരുന്നു
ഞാനെപ്പോഴും
സ്വപ്നം കണ്ടിരുന്നത്‌.

എനിക്കറിയാം,
അങ്ങനെ
ഒരു ദിവസം
ആഗതമാകുമെന്ന്.

ഇലത്തുമ്പുകളൊക്കെ
നക്ഷത്രങ്ങളെ നോക്കി
ചുംബനങ്ങളെറിയുമെന്ന്‌,

കാറ്റിനോട്
കളിപറഞ്ഞു
കളിയാക്കി ചിരിക്കുമെന്ന്,

ശൂന്യതയിൽ നിന്ന്
മഞ്ഞുകണങ്ങളൊക്കെ
സ്വർണ്ണത്തേരിലേറി
ഭൂമിയുടെ രേതസ്സ്
കുളിർപ്പിക്കുമെന്ന്,

മേഘങ്ങളില്ലാതെ
ആർത്തലച്ചൊരു
മഴപെയ്യുമെന്ന്,

സൂര്യകിരണങ്ങൾ
ചന്ദ്രികയെ
വർണ്ണമഴയിലിട്ട്
വാരിപുണരുമെന്ന്,
ചുംബന വിവശയാക്കുമെന്ന്.

അപ്പോൾ
ഭ്രമണപഥം മറന്ന
ഭൂമി
സൂര്യനോടടുക്കുകയും
ഉപബോധം നഷ്ടപ്പെട്ട്
ഋതുക്കളൊക്കെ
ഇണചേരുകയും ചെയ്യും.

അത്
അത്രമേൽ
ഭീകരവും
വേദനാജനകവുമാകും.

സിംഹം  മാൻപേടയെ
കടുവ ആട്ടിൻകുട്ടിയെ
ശവംതീനികൾ
ചുറ്റും.

ആ... നിമിഷം
തീഷ്ണമായ ഒരഗ്നിയാൽ
ലോകമോന്നുലയും,
കടല് പൊട്ടിത്തെറിച്ച്
മരുഭൂമികളും ഗർത്തങ്ങളും
രൂപംകൊള്ളും.

പിന്നെ
അവശേഷിക്കുന്നത്
ചുവന്നുതുടുത്ത
രണ്ട് അഗ്നിഗോളങ്ങൾ.

ചുവന്നുപൂത്തു
തിരിച്ചറിയാനകാത്തവിതം
നീലവിരിച്ച ആകാശത്ത്‌
ജ്വലിക്കുന്ന രണ്ട്
അഗ്നിപുഷ്പങ്ങളായി അവ.....!!!!

Monday, June 8, 2015

മഴയെ ഒർമിയ്ക്കാത്തതിന്

മഴയെ
ഒർമിയ്ക്കാത്തതിന്,
കുടയെ
മറന്നുവെച്ചതിന്, 

മഴവന്ന്
കവിളിലൊരു
ചുംബനം തന്നു.

Tuesday, May 26, 2015

യാത്ര.....!

ഓർമയുടെ
നിലാവെട്ടങ്ങളിൽ
ഞാൻ സൂക്ഷിച്ചു വെച്ച
ഒരു യാത്രയുണ്ട്,

കാടും,
മലകളും,
മണലാരണ്യങ്ങളും
താണ്ടി
ഹിമകണങ്ങൾ
ചുംബിച്ചു കിടക്കുന്ന
ഹിമവാന്റെ
ഹൃദയത്തിലേയ്ക്ക്.

സുവർണശോഭയുടെ
പ്രഭാതവും,
വഴിമാറിയോഴുകുന്ന
പുഴകളും,
ഒരിക്കലും അവസാനിക്കാത്ത
വസന്തവും ഉണ്ടെന്ന
കേട്ടറിവുകളിലേക്ക്....!!!

വെറുതെയെങ്കിലും
ഒറ്റക്കൊരു
യാത്രപോകണം,
ഇനിയൊരു
തിരിച്ചു വരവുണ്ടാകില്ല
എന്ന
പൂർണമായ
ഉറപ്പോടെ !!!


Sunday, May 24, 2015

യാത്രകൾ

സുഹൃത്തേ,
യാത്രകൾ
രസകരമാണ്....!!

അത്
പ്രത്യേകിച്ചും
പ്രണയിനിക്ക്
ഒപ്പമാകുമ്പോൾ....!!


വികാരങ്ങളൊക്കെ,
തളിർത്തുപൂത്ത്
തലയുയർത്തി
കുടചൂടി നിൽക്കുമ്പോൾ,

ഒറ്റപ്പെടുന്നില്ലാ.... എന്ന
ഒരു,  തോന്നലുളവാകുമ്പോൾ,

സുഹൃത്തേ,
യാത്രകൾ
രസകരമാണ്.....!!!!

Saturday, May 23, 2015

എന്റെ സ്വപ്നങ്ങൾ

എന്റെ സ്വപ്നങ്ങൾ
എന്റെ ഇഷ്ടങ്ങൾ
എന്റെ പരിഭവങ്ങൾ
എല്ലാം എന്റെ എന്റെ.....
എന്റെ എന്റെ.....

ഇതെന്താണ്
മറ്റുള്ളവരൊക്കെ
കല്ലുകൊണ്ടും മണ്ണുകൊണ്ടും
ഉണ്ടാക്കിയവരോ????

അവർക്കൊന്നും
ചിന്തകളോ
വികാരങ്ങളോ
ഒന്നുമില്ലേ???

അതുമല്ലെങ്കിൽ
അതെല്ലാം
മറ്റുള്ളവർക്ക്‌ മുന്നിൽ
അവർ അടിയറവു വെച്ചോ ....!!!!!

ഒരു ജന്മം
മുഴുവനും
നായയായി
ജീവിക്കുന്നതിനേക്കാൾ നല്ലത്
ഒരു  ദിവസമെങ്ങിലും
നരനായി ജീവിക്കുന്നതാണ് ......!!!!

മരണം

മരണം
ഒരു തുരുത്തിൽ നിന്ന്
മറ്റൊരു തുരുത്തിലേയ്ക്കുള്ള
പ്രയാണം മാത്രമാണ്.....!!!

അത്
പ്രണയം
പോലെയാണ് ,
സംഗീതം പോലയാണ്,

ഞാനും നീയും
കൈമാറുന്ന
ചുംബനരഹസ്യങ്ങൾ
പോലെ
അത്രമേൽ മൃദുവും
മനോഹരവുമാണ് ....!!!

ഞാവൽ പഴങ്ങൾ

ഇത്
ഞാവൽ പഴങ്ങളുടെ
കാലമാണ്....!!

വേനലും മഴയും ചേർന്ന്
ചുംബിച്ച് തുടുപ്പിച്ച
കൊതിയൂറുന്ന
ഞാവൽ പഴങ്ങളുടെ കാലം...!!!

ഞാവൽ പഴങ്ങളെ
നിങ്ങളിങ്ങനെ
ചില്ലകളിൽ
തുടുത്തു  നില്ക്കുമ്പോൾ ,

കൂട്ടം തെറ്റി,
ചിതറിവീണ്,
മണ്ണിനെ ചുവപ്പിക്കുമ്പോൾ,

കുരുന്നു ചുണ്ടുകളിലൊക്കെ
ലിപ്സ്റ്റിക് പരത്തുമ്പോൾ,

ഞാവൽചോറുണ്ട്
ഞാവൽ കറിയുണ്ട്
ഞാവൽ തണലിലുറങ്ങിയ
ഒരു പഴയ ബാല്ല്യമിപ്പോഴും
എന്നെ,
ഓർമകളുടെ ആ.... തീരത്തേയ്ക്ക്
മാടിവിളിക്കുകയാണ്....!!!

കാലമേ ...
നിനക്ക് നന്ദി...
നിന്റെ ഓർമ പെയ്ത്തിനും ..!!!!

Wednesday, May 20, 2015

പേര്

കവിയും,
കാമുകനും,
ഭ്രാന്തനും,
എല്ലാം
ഞാൻ തന്നെയാണ്.

എനിക്ക്
പേര്
പ്രണയമെന്നും ......!!!

Monday, May 18, 2015

പ്രിയമുള്ളവളെ,

പ്രിയമുള്ളവളെ,

നമുക്ക്
പ്രണയമരത്തിന്റെ
തണലിൽ
കൈകൾ കോർത്ത്‌
തൊട്ടുരുമ്മിയിരിക്കാം,

അധരങ്ങൾ കൊണ്ട്
അധരങ്ങളിൽ
കവിതകളെഴുതാം,

വാക്കുകൾ കൊണ്ട്
ശബ്ദങ്ങളെ
ആലേഖനം ചെയ്യാം....!

നീ.....
കേൾക്കുന്നുണ്ടോ?
ഈ നിമിഷം
ഓർമകളുടെ
പലായനമാണ്,
അതുകൊണ്ട് തന്നെ
എന്റെ കാഴ്ചകൾ
ശൂന്യമാകുന്നതും
മേനിയിൽ അഗ്നി നിറയുന്നതും
ഞാൻ അറിയുന്നുണ്ട്.....!

ഒരു പക്ഷെ,
പ്രണയം അങ്ങനെയായിരിക്കാം,
വഴിമാറിയോഴുകുന്ന
പുഴയുടെ ആത്മഗതം പോലെ,
നദിയെ പുല്കാൻ കൊതിക്കുന്ന
സാഗരത്തിന്റെ ഹൃദയം പോലെ...!!!

പ്രിയമുള്ളവളെ,
നീ ഓർക്കുക...
ഒരു സ്നേഹകിരണം പോലെ
ഞാൻ ഇവിടെത്തന്നെയുണ്ട്,

നിന്റെ ഹൃദയത്തിന്റെ
ഇടനാഴികളിൽ,
നിന്റെ കയ്യെത്തും
ദൂരത്ത്‌,
ഒരു പക്ഷെ,
നീ പോലും
കണ്ടെത്തിയിട്ടില്ലാത്ത
നിന്റെ സ്വകാര്യതകളിൽ .....!!!!

18/05/2015 kuttippuram puzha


Monday, May 4, 2015

ഒർമപെയ്ത്ത്

ദേ.......
ഇന്നും
മഴ പെയ്തിരുന്നൂട്ടോ...!!!

ദുരൂഹതകൾ ഭാക്കിയാക്കി
നീ.... അന്ന്
പടിയിറങ്ങിപോയപ്പോൾ
പെയ്ത അതേ മഴ.

കാറ്റിന്റെ കലമ്പലില്ലാത്ത
വേനലിന്റെ സുഗന്ധമുള്ള
നൊമ്പരങ്ങൾ നനഞ്ഞുകുതിർന്ന
അതേ മഴ...!!!

നീ
ഓർക്കുന്നുണ്ടോ ????
ആ... യാത്രക്കിടയിൽ
നീയന്ന് മറന്നു വെച്ച
ഓറഞ്ചു തൂവാല...
അതിലെ മായാത്ത
പ്രണയാക്ഷരങ്ങൾ....???

എനിക്കതുമതി
ഒന്നും ഭാക്കിയാക്കാതെ
മടങ്ങിപ്പോയ
നിന്റെ ഓർമ പെയ്തിനു
അടയിരിക്കാൻ .

Saturday, May 2, 2015

ഇരുട്ട്

ഇരുട്ട്
ഓര്മ പുതച്ച്
കാഴ്ച്ചകൾ മറയ്ക്കുകയാണ്,
കരളിലെവിടെയോ
ഒളിച്ചു വെച്ച
ഒരിറ്റ്
വെള്ളി വെളിച്ചം
ഭാക്കി വെച്ചുകൊണ്ട്.

എനിക്കറിയാം,
ഞാനൊന്ന് ജ്വലിച്ചാൽ
നീയില്ലതാകുമെന്ന്
(അഹങ്കാരം അല്ലാതെ എന്ത് പറയാൻ?? )

പക്ഷെ,
എനിക്ക്
സൂര്യനാകേണ്ട,
ചന്ദ്രനോ നക്ഷത്രങ്ങളോ
ഒന്നുമാകേണ്ട.

ചുരുണ്ട് കൂടുന്ന
കറുപ്പിൽ,
കറുപ്പിന്റെ
കനലാഴികളിൽ
ശീർഷകങ്ങളില്ലാതെ
പൊള്ളുന്ന ഒരു
കവിതയായി മാത്രം
അലിഞ്ഞില്ലാതായാൽ
മതി.....!!!





Sunday, March 1, 2015

പ്രണയ ഗർഭം



സമയം
പതിയെപ്പതിയെ
ഇരുളിന് വിരുന്നൊരുക്കുമ്പോൾ,

ഇരുള്
ചിമ്മിനി വിളക്കിനെ
പ്രണയിക്കുകയായിരുന്നു.

ഇടക്കൊക്കെ
തലയാട്ടിയും
വെളിച്ചം കുറച്ചുമുള്ള
അവരുടെ സംസാരം
നീണ്ടുപോകെ
ഞാൻ ഓലമാറ നീക്കി
ആകാശം കാണുകയായിരുന്നു.

എന്റെ
ഭാഷ, ശാന്തത
അതാണെന്ന് തോനുന്നു
നിലാവ് പതിയെ
കവിലൊന്ന് നുള്ളിയത്,

ആകാശം കാട്ടിതരാ-
മെന്ന് പറഞ്ഞ്
കൈപിടിച്ചു  വലിച്ചത്,

നക്ഷത്രങ്ങളുടെ
ഹൃദയദൂരത്തെക്കുറിച്ച്
വാതോരാതെ വാചാലയായത്.

അന്നും ഇന്നും
ഞാൻ ഒരുപോലെയായിരുന്നു.

ഒഴുക്ക് കണ്ട്
ഇലയെറിഞ്ഞ്
പുഴയെ വീക്ഷിക്കുന്ന
നിശബ്ദനായ ഒരാണ്‍കുട്ടി


Thursday, January 1, 2015

ഹാപ്പി ന്യൂ ഇയർ ........!!!!!

മുറ്റം നിറയെ വീണു കിടക്കുന്ന ചപ്പിലക്കൂട്ടങ്ങളിൽ ചവിട്ടിമെതിച്ചുകൊണ്ട് കടന്നു പോകുമ്പോൾ......  മ്യാവൂ....... എന്ന ഒരു ശബ്ദത്തിനപ്പുറത്ത്..... ഒരു പകച്ചു നില്പ്പ് വരെ അവന് ഉണ്ടായിരുന്നില്ല.   ഉറക്കച്ഛടവ്  വിട്ടുമാറാത്ത അവന്റെ മുഖം കണ്ടിട്ടാകണം...... ഒരു ആത്മഗതംപോലെ എന്നിൽ നിന്നും ആ .. ചോദ്യം ഉയർന്നത്.

കാറ്റ് പതിവിലേറെ മേനിയിൽ കുത്തുന്നുണ്ട്.  ഡിസംബറിലെ തണുപ്പുകൾ ജനുവരിയിലേക്ക് വ്യാപിക്കുന്നതിന്റെ തുടർച്ച.
കാര്യമായി ഒന്നും പറയാനോ ചെയ്യാനോ ഇല്ല.  മുഷിപ്പാണോ, മടിയാണോ  അറിയില്ല,  ചൂട് പരക്കാത്ത സൂര്യ രശമികളിലേക്ക് വെറുതെ ഒന്ന് എത്തി നോക്കുകമാത്രം ചെയ്തു.  ഇളം ചൂട്,   ഇളം തണുപ്പ് ..... കടലാസിലെ വെളുത്ത പ്രതലത്തിലേക്ക് കറുത്ത മഴി.. പെയ്തുകൊണ്ടിരുന്നു.


പൊട്ടിത്തകർന്ന കണ്ണാടി, അത് പ്രതിഫലിപ്പിക്കുന്ന സൂര്യവെളിച്ചം,  എന്നിലെ കാക്ക ചിറകുകുടഞ്ഞ്‌ തൊട്ടപ്പുറത്തെ ചാരുകസാരയിലേക്ക് പതിയെ മാറിയിരുന്നു. മുറ്റം നിറയെ ഇന്നലകളെ തൊട്ടുണർത്തിയ പച്ചപ്പിന്റെ.... കുളിർമയുടെ.......,  കറുത്ത സ്മാരകങ്ങളാണ്.

ഇരുട്ട് കനത്തു വരികയാണ് ... ഇനി ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളു.  കൂട്ടിയിട്ട ചപ്പിലകൾക്ക് തീ .. കൊടുത്തപ്പോൾ മറഞ്ഞു നിൽക്കുന്നവർ ഓരോരുത്തരായി  തെളിഞ്ഞു വരാൻ തുടങ്ങി. തീ.... ആളിപ്പടരുകയാണ്.  തണുപ്പിന് കുറച്ചു സമയത്തെക്കെങ്കിലും വിട.

മദ്യം, മാംസം, പഴങ്ങൾ, കോള..... എല്ലാം ചുറ്റിലും നിറഞ്ഞുകവിഞ്ഞു. ഇനി ഗ്ലാസുകൾ മാത്രമേ കൂട്ടിമുട്ടാനുള്ളൂ.  എന്തിനാണാവോ ഗ്ലാസുകൾ ഇങനെ മുട്ടിക്കുന്നത്‌ ....... കാണുകയും രുചിക്കുകയും ആനന്ദിക്കുകയും   ചെയ്യുമ്പോൾ കാതിനോടുള്ള ഒരു അനുവാദം മാത്രമായിരിക്കണം....!  അത്,  എന്തുമാകട്ടെ.....!

ഗ്ലാസുകൾ നിറഞ്ഞു, ഭക്ഷണം നിരത്തി..... ചില്ലുഗ്ലാസുകൾ കൂട്ടിമുട്ടി. ഒന്നിന് പുറകെ ഒന്നായി ചുവന്നു തുടുത്ത പാനീയവും മാംസവും.

ചത്തുമരവിച്ച ഏതോ ജീവിയുടെ ജഡമാണ്  മുന്നിൽ. "എന്തിന്.....?" എന്ന ചോദ്യത്തോടെ അത് മുഖമുയർത്തി നിൽക്കുന്നതുപോലെ..... ആ.... ചോദ്യത്തിനപ്പുറം......  പൂത്തു നിൽക്കുന്ന ലഹരിയിൽ നിന്ന് അത്  വളരെ പെട്ടന്ന് തന്നെ  എവിടേക്കോ ഓടിമറഞ്ഞു.

ലഹരി സിരകളെ രമിപ്പിക്കാൻ തുടങ്ങിയിരുന്നു.  ഇടയ്ക്ക് വഴുതി പോകുന്ന വാക്കുകളോടെ ചിലർ മദ്യത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. മറ്റു ചിലരുടെ കണ്ണുകൾ മാംസത്തിൽ തന്നെ തടഞ്ഞിട്ടിരിക്കുകയാണ്. ആടോ കോഴിയോ പോത്തോ അതൊന്നും അവിടെയൊരു വിഷയമേ അല്ല. നല്ല എരിവുണ്ട്, അത് മതി. ഇനി ചേരയോ ഉടുമ്പോ കീരിയോ ആയാലും കുഴപ്പമില്ല. മദ്യസഭകൾ അങ്ങിനെയാണ്. സമയാസമയത്ത് രുചിച്ചിരക്കാനൊരു വിഭവം..... അത്രയേ വേണ്ടൂ...  കാട്ടാളത്വത്തിന്റെ മറ്റൊരു മുഖം.

സമയത്തിന്റെ കടന്നു കയറ്റം ...... കണ്ണുകളിലോക്കെ നിറഞ്ഞ ആത്മസംതൃപ്തി ..... ഇനി പാട്ടാണ് ....!. പണ്ടൊക്കെ നാട്ടിൻപുറങ്ങളിലും കൊയ്ത്തുപാടങ്ങളിലും കേട്ട അതേ...... ഈരടികൾ .....! അതിനു വേണ്ടിയാണ് ഷണിക്കപ്പെട്ട അതിഥിയായി അവൻ അവിടെ വന്നു ചേർന്നിട്ടുള്ളത്. എല്ലാവരും നിശബ്ദരായി .... വയലോരങ്ങൾ നിറയെ അവന്റെ ഈരടികൾ നിറയുകയാണ്. ആ ഈണങ്ങൾക്ക് ചുവടുവെച്ച് ,  കനലുകൾക്ക് ഇരുവശത്തും നിറഞ്ഞാടുന്ന അമൂർത്തരൂപങ്ങൾ.  ഉന്മാദം മൂത്ത് ചിലർ ആ.... അഗ്നിനാളത്തിന് കുറുകെ പരന്നുയരുകയും താഴെവീഴുകയും ചെയ്യുന്നുണ്ട് .......അവരുടെ നൃത്തം  ദേവദാസികളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണോ എന്ന് തോന്നിപോകുന്നുണ്ട് ...... അവരാടുകയാണ് .... ലഹരിയിൽ മുങ്ങി....... അത്രമേൽ മധുരമായി......!

പാട്ടിനും താളത്തിനുമിടയിൽ ഓരോരുത്തരായി തളർന്നു വീഴുമ്പോൾ അകലെ വെള്ളകീറിത്തുടങ്ങിയിരുന്നു. ഒരു ഞരക്കം പോലെ   ആ.... ചുണ്ടുകളിലിൽ   നിന്ന്   അതേ   മന്ത്രധ്വനി ............!!!!! അതേ   മന്ത്രധ്വനി ............!!!!!

ഹാപ്പി ന്യൂ ഇയർ ........!!!!!
ഹാപ്പി ന്യൂ ഇയർ ........!!!!!ഹാപ്പി ന്യൂ ഇയർ ........!!!!!