Tuesday, August 4, 2015

ആത്മാക്കൾ ഉണരുമ്പോൾ

എനിക്ക് ചുറ്റും
കോടാനുകോടി
ആത്മാക്കളുടെ
നീണ്ട നിലവിളികൾ
അലയടിക്കുന്നുണ്ട്,
മരിച്ചുപൊയവരും,
ജീവിച്ചിരിക്കുന്നവരുമായ
ദുരാത്മാക്കളുടെ.

കളിച്ചും, ചിരിച്ചും,
കുശലം പറഞ്ഞും,
ചുമലിൽ തട്ടിയും,
അവർ
കാഴ്ചകൾക്കപ്പുറമിരുന്ന്
കേൾവിയെ
ഉന്മൂലനം ചെയ്യുകയാണ്.

അവയ്ക്ക്
ഏതു ശൈത്യത്തിലും
ഹൃദയത്തിന്റെ
ആഴമളക്കാൻ കഴിയും,
സന്ധ്യയോടു ചേർന്ന്
കറുപ്പ് നിറയ്ക്കാൻ കഴിയും.

ഇപ്പോൾ
തുരുത്തുകളൊക്കെ
ഒറ്റപ്പെടലുകളെയും,
നിലവിളികളൊക്കെ
അശാന്തിയേയും
ഓർമിപ്പിക്കുകയാണ്.

ഒരിക്കൽ
അവയൊക്കെ
കറുത്തിരുണ്ട രൂപങ്ങളായി
ദ്രവിച്ചു തള്ളിയപല്ലുകൾ കാണിച്ച്,
ആധരം നിറയെ  രക്തമുറ്റിച്ച്,
അരൂപികളായി പിറവിയെടുക്കും,
ഇരുട്ടിലങ്ങനെ  താണ്ടവം ചെയ്യും.

എന്റെ ഉൾവിളികൾക്ക്‌
കാതോർത്താണ ല്ലോ
അവയൊക്കെ
അവിടെ
ആഗതമായിരിക്കുന്നത്,
എന്നതിനാൽ....!!!

മാണ്‍തരികൾ ചുംബിക്കാത്ത
ചുവന്ന രക്തത്താൽ, മാംസത്താൽ
ഞാനവയ്ക്ക് വിരുന്നൊരുക്കാം....!!!

No comments:

Post a Comment