Monday, August 10, 2015

മഴമേഘങ്ങൾക്കൊപ്പം

മഴമേഘങ്ങൾ
വാലിട്ടെഴുതിയ
ആകാശച്ചെരിവിലൂടെ,
അവയുടെ
വിഷാദരാഗങ്ങളിൽ മുഴുകി,
അല്പസമയം
നമുക്ക്
നിശബ്ദരായി
നടക്കാം.

അവ,
കണ്ടെത്തുന്ന
ആലേഖനങ്ങളിൽ
മുഴുകി,
മാനിനേയും,
മുയലിനേയും,
ആശ്വരഥങ്ങളേയും
കാഴ്ച്ചയിൽ പകർത്താം.

കാണാൻ മറന്നവർക്ക്‌,
കാഴ്ചകൾ നഷ്ടപ്പെട്ടവർക്ക്,
കറുത്ത ഹൃദയമുള്ളവർക്ക്,
ശബ്ദവും പ്രകാശവുമായി
നമുക്കത്
മാറ്റി രേഖപ്പെടുത്താം.

തിരക്കുകളൊഴിയുമ്പോൾ
കാണട്ടെ,
ഹൃദയത്തിലോക്കെ
ആകാശത്തോളം
സ്നേഹം നിറയട്ടെ.!!!

ഇപ്പോൾ,
വിഷാദം മറന്ന
ആ.... മേഘങ്ങളൊക്കെ,
പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും.
നമുക്കും
അതിനൊപ്പം കൂട്ടുകൂടാം.

അവ,
ഇനിയും
വരച്ചു കൂട്ടുന്ന
കുഞ്ഞുകുഞ്ഞരുവികളിലേയ്ക്ക്,
തോടുകളിലേയ്ക്ക്,
പുഴകളിലേയ്ക്ക്,
അവയുടെ
സംഗമ തീരങ്ങളിലേയ്ക്ക്‌
അങ്ങനെയങ്ങനെ
ഒരിക്കലുമവസാനിക്കാതെ .....!!!

No comments:

Post a Comment