Friday, December 26, 2014

chila nanuttha ormakal

വീടും അതിനോട് ചേർന്ന് കിടക്കുന്ന പാലമരങ്ങളും കാവുമെല്ലാം പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് .. കാരണം ഒരു കാലത്ത് ഈ മരങ്ങളെല്ലാം കുരുവി കുഞ്ഞുങ്ങളുടെയും അണ്ണാൻ കുഞ്ഞുങ്ങളുടെയും ചപ്പില കിളികളുടെയുമെല്ലാം വിഹാര കേന്ദ്രങ്ങളായിരുന്നു. കൂടാതെ കീരി, പാമ്പ്, കാട്ടുകോഴി തുടങ്ങിയവയുടെ ഇടത്താവളവും. അന്ന് എന്റെ തെറ്റാലിയിൽ കുരുങ്ങി മരിച്ച കുരുവി കുഞ്ഞുങ്ങളേ.... അണ്ണാൻ കുഞ്ഞുങ്ങളേ... ചപ്പിലക്കിളികളെ നിങ്ങൾ എനിക്ക് മാപ്പ് തരിക. കാരണം അന്ന് ഞാൻ ഒരു കാട്ടാളനായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഒരു കുരുവിയാകണം ..... തെറ്റാലിയിൽ കുരുങ്ങി മരിക്കണം, ചേരയാകണം കല്ലേറുകൊണ്ട് പുളയണം, പെരുച്ചാഴിയാകണം  ജീർണിച്ചു വേദനപേറി മരിക്കണം.

ഓർമ്മകൾ അങ്ങനെയാണ്. ചെരിഞ്ഞ ചാരുകസാരകളിരുന്ന്  കാലുകൾ ഉയരത്തിൽ വെച്ച് ഏതെങ്കിലും ഒരു കോണിലേക്ക് ശ്രെദ്ധ  തിരിച്ച്  സ്വപ്നം കാണുക. ചിലപ്പോഴത് മരുഭൂമികളും ഹിമസാനുക്കളും കടന്നു അങ്ങ് അകലെ ടിബറ്റിലേക്കും  ചൈനയിലേക്കും യാത്ര തിരിക്കും, ബൗദ്ധീകവും  ആത്മീയവുമായ ചിന്തകളുടെ സാഗരങ്ങൾ താണ്ടും, മഴയായി മഞ്ഞുകണങ്ങളായി മണ്ണിൽ വീണടിയും.... ജനിമൃതികളുടെ നേർത്ത ഇടവേളകൾ.

അങനെ കൈവിട്ടുപോകുന്ന നീണ്ട ചിന്തകളുടെ അദൃശ്യനൂലിൽ തൂങ്ങിയാടുമ്പോഴാണ് ശൂന്യതയെ വെട്ടിമാട്ടിക്കൊണ്ട് ആ പെണ്‍കുട്ടി എന്റെ വീടിറെ പടികളിറങ്ങി വരുന്നത്.

അവളുടെ കൈകൾ നിറയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ പാകമായ എന്തൊക്കെയോ ഉണ്ടായിരുന്നു. ഒരു നിമിഷം അവയൊക്കെ നിലത്തു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങുമ്പോൾ,  ഒന്നും വേണ്ട എന്ന് പറഞ്ഞ് പെട്ടന്ന് ഞാനതിനു തടയണയിട്ടു. ആ നിമിഷം അവളുടെ മുഖത്തുള്ള നിരാശ എന്നെ നൊമ്പരപ്പെടുത്തിയെങ്കിലും   ഞാനതൊന്നും ഭാവിച്ചതേയില്ല.

"ഞാൻ ഇവിടെ ഒറ്റയ്ക്കേ ഉള്ളു" എന്ന് പറഞ്ഞ് എഴുനേറ്റപ്പോൾ പാതി തുറന്ന ബാഗുകൾ വേഗത്തിലെടുത്ത് ദൃതിയിൽ പടിയിറങ്ങി പോകുന്ന അവളെ ഒരു മാൻപേട മലനിരകൾക്കിടയിലേക്ക് ഓടിമറയുന്നതിന്റെ നേർത്ത ഒരു ദൃശ്യംപോലെയാണ് എനിക്ക് തോന്നിയത്.

ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം ഈ അടുത്ത കാലത്ത് ഒരിക്കൽ കൂടി അവൾ വന്നു. അപ്പോൾ അവളുടെ ബാഗിൽ കറി പൌഡറുകൾക്ക് പകരം മനോഹരമായ കുറച്ചു ചൈനീസ് പാത്രങ്ങലായിരുന്നു.  ഇത്തവണയും ഒന്നും വേണ്ടാ എന്ന് പറഞ്ഞ് എഴുനേറ്റപ്പോൾ അവൾ ചിരിച്ചു. കാണാമെന്നു പറഞ്ഞ് ... സാവതാനം പടിയിറങ്ങിപ്പോയി. അപ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ ഭീതി ഒരു ശകലംപോലും ഇല്ലായിരുന്നു .
"മനുഷ്യർ അങ്ങനെയാണ്.
ചെറിയൊരു കണ്ണാടിയെടുത്ത്
ധീർഘദൂരം പിന്നിലേക്ക്‌ വീക്ഷിക്കുന്നവർ "

ചെറിയ കാറ്റ് വീശുന്നുണ്ട്, ഉച്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത സുഖമുള്ള നേരിയ തണുപ്പ്. ഒരു ഷർട്ടൊ ബനിയനോ ധരിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ,  മടി, ചാരുകസാരയിൽ പിടിചിരുത്തുകയാണ്. ഞാൻ ഓർമിച്ചു. ഇവൾ എനിക്ക് തീർത്തും സുപരിചിത തന്നെ എങ്കിലും അത് ഒരിക്കലും ഇവളായിരുന്നില്ല പക്ഷെ, എല്ലാ മുഖങ്ങൾക്കും ഒരേ ദൈന്യതയാണ്‌.

ഏതാണ്ട് പതിമൂന്ന് വർഷങ്ങൾക്കുമുമ്പ് എറണാകുളത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്ന കാലം. തുടക്കക്കാരനായതുകൊണ്ട്  മെസ്സിലെക്കുള്ള സാധനങ്ങൾപോലും  വാങ്ങിക്കുന്നതും കൊണ്ടുവരുന്നതും  എന്റെ ജോലിയിലുൾപ്പെട്ടിരുന്നു   . അങ്ങനെയാണ് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ  വെച്ച്  ഞാനവളെ പരിചയപ്പെടുന്നത്. അവൾക്കും  എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവ് കാണും.  തുടർച്ചയായ കണ്ടുമുട്ടലുകൾ സുപരിചിതമായ സൌഹൃതത്തിലേക്ക് വഴിമാറുകയായിരുന്നു. അവളെ എനിക്ക് ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് പറയാം. പക്ഷെ, അതിന് പ്രണയം എന്നാ ഒരു വാക്ക് തീർത്തും അഭികാമ്യമല്ല.

ഒരിക്കൽ ഒരു സായാഹ്നത്തിൽ പതിവ് പോലെ  കണ്ടുമുട്ടിയപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുംബിയിരുന്നു. "ദുഖം അങ്ങനെയാണ്, ആരോടെങ്കിലും പറഞ്ഞാൽ പാതി കുറയുമത്രേ....!" പക്ഷെ, അതിനോന്നുമുള്ള ഒരു അന്തരീക്ഷമായിരുന്നില്ല അവിടെ.., ഇടയിലെപ്പോഴോ അവൾ പോകുകയാണെന്ന് മാത്രം പറഞ്ഞു.  സാധങ്ങൾ  കൈമാറുമ്പോൾ അറിയാതെയെന്നോണം കൈകളിൽ ഒന്ന് അമർത്തി സ്പർശിച്ചു. എന്തെങ്കിലും ചോദിക്കും മുമ്പ് തിരിഞ്ഞു നടന്നു.

ചിലത് അങ്ങിനെയാണ്....! ഓർത്തെടുക്കുംമ്പോഴേക്ക്.... അടുത്തു ചെല്ലുംമ്പോഴേക്ക് ... മനസ്സിൽ പകർത്തുമ്പോഴെക്ക് നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തികൊണ്ടോ .... നോമ്പരപ്പെടുത്തിക്കൊണ്ടോ.. കടന്നുകളയും. അതിന് നമ്മളൊരു പേര് കുറിക്കും. ഓർമകളുടെ താളിൽ വെറുതെയെങ്കിലും സുവർണലിപികളിൽ രേഖപ്പെടുത്താൻ .....!!!!!

Wednesday, June 11, 2014

ഒരു മഴകവിത

നിത്യ വിസ്മയങ്ങളി-
ലെഴുതാൻ മറന്നോരെ-
ന്നർപ്പണ  ബോധത്തിന്റെ
ശിലാ ലിഖിതം പോലെ,
നിത്യവും തൊട്ടുതൊ-
ട്ടുണർത്തീടുന്നുണ്ടിന്നും
സത്വര പ്രവാഹത്തി-
ന്നമൃതം പൊലീവർഷം.

ഇന്നലെ പെയ്തുതോർന്ന
മഴയിൽ മങ്ങിപോയ
വെള്ളിടി വെളിച്ചത്തിൻ
രണ്ടു ചീളുകൾ താഴെ,
പൊങ്ങി നില്ക്കുന്നു
രണ്ടു കൂണുകലായി മുന്നിൽ
കുഞ്ഞു ജീവികൾകല്പം
വിശ്രമം കൊള്ളാൻ മാത്രം.

ഇരുളിൻ സ്വകാര്യത
പങ്കിടാൻ തവളകൾ
പാടുന്ന പാട്ടിന്നുള്ളിൽ
ശ്രുതിയായ്  ചീവിടുകൾ
താളമായ് താളത്തിന്റെ
ലയമായ് ഇലകളിൽ
തങ്ങിനിൽപ്പുണ്ട്‌ പണ്ടേ
ശീലിച്ച മഴകൈകൾ.

ആയിരം വിരലുകൾ
ആത്മാവിൽ സ്പർശിക്കുമ്പോൾ
ആനന്ദമേകുന്നുണ്ടീ
ധ്വനികളെനിക്കിന്നും,
മിഴികൾ മാത്രം രണ്ടു
ജാലകപ്പഴുതുകൾ-
ക്കിപ്പുറമിരുന്നു കൊ-
ണ്ടവയെ വീക്ഷിക്കുന്നു 

Tuesday, June 10, 2014

മേഘങ്ങൾ പെയ്തിറങ്ങുകയാണ്......


വഴി തെറ്റിയ
പ്രവാഹം പോലെ
വേനലിന്റെ
സ്വകാര്യതയിലേക്ക്
മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

വരൾച്ച പാകിയ
ഉറവകൾക്കെല്ലാം
തെളിനീര്
ചുരത്താൻ,

സുഖന്ധം മറന്ന
പൂവുകൾക്ക്
തേൻ നിറയ്ക്കാൻ ,

സ്വപ്നങ്ങൾക്ക്
അവസാനമില്ലെന്ന്
സാക്ഷ്യപ്പെടുത്താൻ,

മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

മണ്ണിനും മഴക്കും
ആത്മാവിന്റെ
ഗന്ധം നിറച്ച്.

Sunday, June 8, 2014

മോഹൻലാലിന്റെ ചിത്രം (ഒരു ചിത്രം വരയുടെ കഥ)

എന്റെ കൂടെ പഠിച്ചിരുന്ന സന്ദീപും, സുജീഷും, കൃഷ്ണൻകുട്ടിയുമെല്ലാം പെൻസിൽ ചിത്രം വരകുന്നത് കാണുമ്പോൾ എനിക്കും വലിയ ആഗ്രഹമായിരുന്നു ...... അവര് വരക്കുന്നതുപോലെ ഒരെണ്ണം വരക്കണമെന്നും മറ്റുള്ളവരെയൊക്കെ കാണിച്ചു ഒന്ന് ഞാളിഞ്ഞു നടക്കണമെന്നുമോക്കെ...!!
അങ്ങനെ ഒരു പ്രഭാതത്തിന്റെ തുടക്കത്തിൽ വരപ്പിന്റെ ABCD പോലും അറിയാത്ത ഞാനും വരക്കാൻ തുടങ്ങി. അതും മോഹൻലാലിന്റെ ചിത്രം തന്നെ.
വരയോക്കെ കഴിഞ്ഞു... കുറേ സമയം ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു . മോഹൻലാലിന്റെ എവിടെയോക്കെയോ ഞളക്കം പറ്റിയിരിക്കുന്നു. മൂക്കിനാണോ, കവിളിനാണോ, ചുണ്ടിനാണോ.. ഒന്നും മനസിലാകാതെ ഇരിക്കുമ്പോഴാണ് അവൾ പതിയെവന്നു പേപ്പറും തട്ടിപ്പറച്ചുകൊണ്ട് ഓടിക്കളഞ്ഞത്... എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് വല്ല്യെചിയുടെ കയ്യിൽ കൊടുത്ത് പറഞ്ഞു കഴിഞ്ഞു...!!
"കുട്ടൻ വരച്ചതാ!!!"
ചേച്ചിക്ക് കൂടുതലൊന്നും നോക്കേണ്ടി വന്നില്ല .... ഉടനടി അവര് പറഞ്ഞു
"കുട്ടാ..... ശങ്കറ്..... സൂപ്പറായിട്ടുണ്ട് ! നിനക്ക് സമയം കിട്ടുമ്പോ ചേച്ചിക്ക് ഒരു ലാലേട്ടനെ വരച്ചു തരണം"
സ്വല്പം ഗമയിൽ നിന്ന എന്റെ ഉള്ളിൽ നിന്ന് പെട്ടന്ന് ഒരു കൊള്ളിയാൻ മിന്നി... "എന്റീശ്വരാ ... ലാലേട്ടനെ... വരച്ചപ്പോഴാണ്... ശങ്കറായത്..ഇനി അങ്ങേരെ വരയ്ക്കാൻ...." അതിനെക്കുറിച്ചു ഓർമിക്കുമ്പോൾ ഇന്നും എന്റെ ഉള്ളിലെവിടെയോ ഞാനറിയാതെ ഒരു ചിരിത്തുണ്ട് പൊട്ടിവിരിയുന്നുണ്ട് !!!!!

Thursday, June 5, 2014

ലൈകും കമന്റും

കണ്ണ്,  ചുണ്ട്
കവിൾ, കഴുത്ത്
അരക്കെട്ട്.

എഴുത്ത് നഗ്നതയിൽ
തോന്യാക്ഷരം കുറിച്ചപ്പോൾ
എല്ലാറ്റിനും ലൈക്കോട്
ലൈക്ക് തന്നെ.

കൂട്ടിക്കുറച്ചു
നോക്കിയപ്പോൾ
കിട്ടിയ ലൈക്കുകൾക്കും
കമന്റുകൾക്കും
അപ്പുറത്തെക്ക്  പോകാൻ
ഇനി  കവിതയിൽ
ഒന്ന് മാത്രമേ
അവശേഷിക്കുന്നുള്ളൂ...!

ഉരുക്കാൻ കൊടുക്കുന്ന
പൊന്നിലേക്ക്
വില്പ്പനക്കാരനെറിയുന്ന
അവസാനനോട്ടം പോലെ !!!

Wednesday, June 4, 2014

കാഴ്ച

മിഴികൾ 
ഹൃദയത്തിലെക്കുള്ള 
നിശബ്ദ കവാടങ്ങളാണ്.

Monday, June 2, 2014

വേനൽ പഴുതിലൂടെ


ആകാശം ഇരുളുകയാണ്
മാനായും മയിലായും
മഴക്കാടുകളായും
പുഴയായുമെല്ലാം

ചിലപ്പോഴൊക്കെ
കാളിയനെയും  കാളിന്ദിയേയും
ഓർമിപ്പിക്കും പോലെ

എത്രയാവർത്തിച്ചാലും
ആവർത്തനങ്ങളെ
വാർത്തെടുക്കാൻ
ശ്രമിക്കും പോലെ
ആകാശം ഇരുളുകയാണ്

മണ്ണിലും മനസ്സിലും
കാളിമ രൂപപ്പെടുത്തിക്കൊണ്ട്‌ 

Monday, May 26, 2014

അപ്പ്വേട്ടന്റെ ജാതകം


എൻപത്തിനാല്  വയസ്സും ആറു  മാസവുമായപ്പോൾ .......അപ്പ്വേട്ടൻ   തന്റെ ബാധ്യതകൾ ഒന്നൊന്നായി മക്കളെ ഏല്പ്പിച്ചു തുടങ്ങി ..... ഒടുവിൽ പുരയിടത്തിന്റെയും  ആധാരപ്പെട്ടിയുടെയും  താക്കൊല്കൂട്ടം   ഭാര്യയെയും!!!

'ഇന്നെന്താണപ്പാ ....... ഇങ്ങനെയൊരു മാറ്റം..... ഇങ്ങേരുക്കെന്താ ഭ്രാന്തായിപ്പൊയോ, അല്ലെങ്കിൽ അരക്കെട്ടീന്നു മാറ്റാത്ത ചങ്ങല കൂട്ടങ്ങളാണെന്ന് '  അവൾ പിറുപിറുക്കുമ്പോൾ    കൂടുതലൊന്നും പറയാതെ അയാൾ നടന്നകന്നു!!!

രാത്രി ചീവിടിന്റെ സംഗീതത്തോടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു .. മുകളിലെ മുറിയിൽ ജാലകത്തിനരികിലിരുന്നു അയാൾ ആകാശം  നോക്കുകയാണ് ....... "ഒരു പക്ഷെ, മരണം കടന്നു വരുന്നത് ഇത് വഴിയാനെങ്കിലോ"  ചിന്തകളുടെ ചങ്ങലക്കെട്ടുകൾ  ഇടയ്ക്കിടയ്ക്ക്   ഒര്മാപ്പെടുത്തുമ്പോൾ  സിരകൾ വലിഞ്ഞു മുറുകുന്നത് പോലെ ...... ശ്വാസം നിലക്കുന്നതുപോലെ ... അയാൾക്ക്‌ തോന്നി തുടങ്ങി. അപ്പോൾ അയാൾ ഒരു നൂറാവർത്തി.......മനസിലോർത്തു കണിയാന്റെ  പ്രവചനം പൂർണമാവുകയാണ്...!! അയാൾ നിവര്ന്നു കിടന്നു ശ്വാസം വലിച്ചുകൊണ്ടിരുന്നു.....ചുണ്ട് വരണ്ടുകൊണ്ടിരിക്കുകയാണ് മരണത്തെ  വരവേല്ക്കാൻ അയാൾ തയ്യാറായി കഴിഞ്ഞു
പന്ത്രണ്ട്, ഒന്ന്, രണ്ട്...... കൊഴികൂവി ..... നേരം വെളുത്തു....! പതിവിൽ കവിഞ്ഞ ഉറക്ക ചടവോടെ ജാതകവുമായി അടുപ്പിനടുതെക്ക് നടക്കുന്ന അപ്പ്വേട്ടനെ കണ്ട ഭാര്യ വീണ്ടും പഴയ ചോദ്യം തന്നെ ആവർത്തിച്ചു.

"ആ സമയത്ത് അയാള്  മനസില് പറഞ്ഞത് ന്താ...ന്നറിയോ....... ങ്ങക്ക്....?"
അത് ഞാനായിട്ട് പറയുന്നില്ല എന്ത് വേണമെങ്കിലും എഴുതിച്ചേർ ത്തോ!!!!!"
ഹഹഹഹഹഹഹ !!!!!! 

Thursday, May 22, 2014

words 22-05-2014

ശരീരംകൊണ്ട് വ്യപിചരിക്കുന്നവരിലും കൂടുതൽ
മനസുകൊണ്ട് വ്യപിചരിക്കുന്നവരാണ് !!!!

Monday, May 19, 2014

മോഹക്കടൽ

സ്വപ്നങ്ങള്ക്ക് മുകളിൽ
അലതല്ലുന്നുണ്ട്
പരിഭവം മറന്ന
തിരമാലകൾ,
നുര വിരിയിക്കുന്ന
അലകൾ,
ഒരു ആത്മ ഗീതം പോലെ
കടലിന്റെ നേർത്ത നിശ്വാസം.

Thursday, May 8, 2014

my words 9-5-2014

വേനൽമരങ്ങൾക്ക് താഴെ
പൂക്കൾ വിരിയുന്നതും കാത്ത്
സ്വപ്നങ്ങൾ നെയ്യുന്ന
വെറുമൊരു ഭിക്ഷാടകാൻ മാത്രമാണ് ഞാൻ.......!

Saturday, February 15, 2014

avasthaantharam!!!!!

കെണിയിലകപ്പെട്ടോ-
രിലിയുണ്ടതിനുകാവലാ-
യൊരു പൂച്ചയും,
മിഴികളിൽപ്പുകമ്ഞു
തീര്തുകൊണ്ടുരുകുമൊരാത്മാവും!!!

Tuesday, February 11, 2014

12-02-2014 my words

വാക്കുകള് ഹൃദയത്തിന്റെ അനന്തതതിയില് 
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു !!