Monday, August 24, 2015

രക്തസാക്ഷി

ഇനിയും
ഉറഞ്ഞുകൂടാത്ത
ചോരയിലേയ്ക്ക് നോക്കി
പകച്ചു നിൽക്കുന്നൂ
ചിലർ,

വിളറിപ്പോയ
മുഖങ്ങളൊക്കെ,
നിറങ്ങളുടെ
നീതിശാസ്ത്രങ്ങൾ
തിരയുന്നു.

റീത്തിന്
ചുവപ്പോ വെളുപ്പോ???

വെളുപ്പ്‌
രക്തസാക്ഷികൾക്കുള്ള
ആത്മ സമർപ്പണമെന്ന്
ഒരുപക്ഷം,

ചുവപ്പിനാൽ
പ്രകാശിമാകുന്ന
രക്തസാക്ഷികൾ
മരിക്കുന്നില്ലെന്ന്
വേറെ ഒരുപക്ഷം.

പാതി മരിച്ചവർ
മരണം
രേഖപ്പെടുത്താത്തവർ
എങ്ങനെയാണ്
രക്തസാക്ഷികളാവുന്നത് ???

Saturday, August 15, 2015

വന്ദേമാതരം

ഓഫീസിലേയ്ക്ക് കയറുമ്പോൾ
അതിനു മുന്നിൽ  ഉയർത്തികെട്ടിയ
ത്രിവർണപതാക നോക്കി
അവിടെയുള്ള
പ്രായം കുറഞ്ഞ
ജോലിക്കാർ
എന്നോട്
ഒരു ചോദ്യം,

പ്രജീഷേട്ടൻ പതാകയ്ക്കു
ഒരു സല്യൂട്ട്
കൊടുക്കുന്നില്ലേ എന്ന്....!!!

കൂടുതലൊന്നും
പറയാൻ നില്ക്കാതെ,
ഇളകിയാടുന്ന പതാക നോക്കി
ഹൃദയം നിറഞ്ഞ
ഒരു ബിഗ്‌ സല്യൂട്ട് കൊടുക്കുമ്പോൾ,
 
ഉള്ളിലെവിടെയോ
ചെറിയൊരു വേദന,
സ്വാതന്ത്ര്യം കാത്ത്
വീരമൃത്യു വരിച്ചവർക്ക്
രണ്ടുതുള്ളി കണ്ണുനീർ,

വന്ദേമാതരം   ............!!!!

Friday, August 14, 2015

കാക്കപ്പെണ്ണ് (Story)

വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ചെറിയ ഡിസൈനിംഗ് സെന്റെറിൽ ജോലി ചെയ്തിരുന്ന കാലം. ആ കാലത്ത് ചായയും, ഉണും, യാത്രാ ചെലവും കഴിഞ്ഞാൽ പിന്നെയൊന്നും   മാറ്റി വെയ്ക്കനുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്നായിരുന്നു  ഉച്ചഭക്ഷണവും വെള്ളവുമൊക്കെ  കൊണ്ടുപോയിരുന്നത്.

വിരസമായ ആ യാത്രകൾക്കിടയിലായിരുന്നു ഒരിക്കൽ ഒരു കാക്ക പെണ്ണുമായി ഞാൻ സൗഹൃദത്തിലാകുന്നത്. ആദ്യമൊക്കെ അവള് ഒരുപാട് അകലത്തിലായിരുന്നു. പിന്നെപ്പിന്നെ, അടുത്തടുത്ത്, എന്റെ തൊട്ടരികിൽ വരെ , പിന്നെയും കുറേക്കാലം കഴിഞ്ഞപ്പോൾ എന്റെ നിറം കണ്ടാൽ മതി എന്ന അവസ്ഥയിലായി ......!!!

കൈകഴുകി ഞാനിരുന്നാൽ തൊട്ടടുത്ത്‌ അവളുമുണ്ടാകും. എന്നുവെച്ച്, കൊത്തിവലിക്കാനൊ, തട്ടിതെറിപ്പിക്കാനോ ഒന്നും അവൾ ശ്രമിക്കറില്ലട്ടോ.!! പത്രം തുറന്നാൽ അവളിടെ മുഖത്ത് ഒരു പ്രത്യേക തിളക്കമായിരിക്കും. ഒരു കാക്കപ്പാട്ട് പതിയെ മൂളും.

പിന്നെ, ഭാഗം വെയ്ക്കലാണ്. ചിലപ്പോ മീനോ, മോട്ടയോ ഒക്കെ പാത്രത്തിൽ നിറയെ കാണും."നിനക്കിനിയും വെണോടി" ന്ന്.... ചോദിച്ചാൽ ചെറുതായി ഒന്ന് കുറുകും.  ഞാനവിടെനിന്ന്  പുതിയൊരിടം തേടുന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു....!!! ഇപ്പൊ എന്നെപ്പോലെത്തന്നെ  അവളും മറന്നിട്ടുണ്ടാകും.

കൊടുക്കുന്തോറും കൂടികൂടി വരുന്ന ഒന്നുമാത്രമേ ഉള്ളു എന്ന്  ഞാൻ വിശ്വസിക്കുന്നു......!!! അതിനെയാകണം ആളുകളിങ്ങനെ സ്നേഹമെന്നും ഇഷ്ടമെന്നുമൊക്കെ മാറ്റിമാറ്റി പേരുകളിട്ട്  രേഖപ്പെടുത്തി വെയ്ക്കുന്നത് .....!!!

independence day


Thursday, August 13, 2015

കാക്ക

കാകാ....രവം
മുഴക്കീടുന്ന കാകരേ,
കാടിന്റെ മാത്രം
കറുത്ത മുത്തോ നിങ്ങൾ,
കാടിനും നാടിനും
നന്മകൾ നേരുന്ന
കാലപ്പെരുമയ്ക്കു-
ണർത്തുപാട്ടോ???

കാറും കറുപ്പു-
മുണർത്തുമാകാശത്ത്‌
നീങ്ങിത്തുടങ്ങും
മുകിൽക്കൂട്ടമാലയോ,
വേനലിൻ ചില്ലയിൽ
തൂങ്ങിയാടും ചെറു-
നോവിന്റെ നേർത്തു
കറുത്തൊരു ബിംബമോ???

ഓർത്ത്‌ വരുന്ന
വിരുന്നുകാരെ കണ്ട്
ഓർമ പുതുക്കുവാ-
നുള്ള സന്ദേശമോ,
നിത്യസന്ദേഹമോ,
നിർമലസ്നേഹമോ
സത്യവിശുദ്ധ
വികാരസ്ഫുരണമോ???

Monday, August 10, 2015

മഴമേഘങ്ങൾക്കൊപ്പം

മഴമേഘങ്ങൾ
വാലിട്ടെഴുതിയ
ആകാശച്ചെരിവിലൂടെ,
അവയുടെ
വിഷാദരാഗങ്ങളിൽ മുഴുകി,
അല്പസമയം
നമുക്ക്
നിശബ്ദരായി
നടക്കാം.

അവ,
കണ്ടെത്തുന്ന
ആലേഖനങ്ങളിൽ
മുഴുകി,
മാനിനേയും,
മുയലിനേയും,
ആശ്വരഥങ്ങളേയും
കാഴ്ച്ചയിൽ പകർത്താം.

കാണാൻ മറന്നവർക്ക്‌,
കാഴ്ചകൾ നഷ്ടപ്പെട്ടവർക്ക്,
കറുത്ത ഹൃദയമുള്ളവർക്ക്,
ശബ്ദവും പ്രകാശവുമായി
നമുക്കത്
മാറ്റി രേഖപ്പെടുത്താം.

തിരക്കുകളൊഴിയുമ്പോൾ
കാണട്ടെ,
ഹൃദയത്തിലോക്കെ
ആകാശത്തോളം
സ്നേഹം നിറയട്ടെ.!!!

ഇപ്പോൾ,
വിഷാദം മറന്ന
ആ.... മേഘങ്ങളൊക്കെ,
പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും.
നമുക്കും
അതിനൊപ്പം കൂട്ടുകൂടാം.

അവ,
ഇനിയും
വരച്ചു കൂട്ടുന്ന
കുഞ്ഞുകുഞ്ഞരുവികളിലേയ്ക്ക്,
തോടുകളിലേയ്ക്ക്,
പുഴകളിലേയ്ക്ക്,
അവയുടെ
സംഗമ തീരങ്ങളിലേയ്ക്ക്‌
അങ്ങനെയങ്ങനെ
ഒരിക്കലുമവസാനിക്കാതെ .....!!!

Tuesday, August 4, 2015

ആത്മാക്കൾ ഉണരുമ്പോൾ

എനിക്ക് ചുറ്റും
കോടാനുകോടി
ആത്മാക്കളുടെ
നീണ്ട നിലവിളികൾ
അലയടിക്കുന്നുണ്ട്,
മരിച്ചുപൊയവരും,
ജീവിച്ചിരിക്കുന്നവരുമായ
ദുരാത്മാക്കളുടെ.

കളിച്ചും, ചിരിച്ചും,
കുശലം പറഞ്ഞും,
ചുമലിൽ തട്ടിയും,
അവർ
കാഴ്ചകൾക്കപ്പുറമിരുന്ന്
കേൾവിയെ
ഉന്മൂലനം ചെയ്യുകയാണ്.

അവയ്ക്ക്
ഏതു ശൈത്യത്തിലും
ഹൃദയത്തിന്റെ
ആഴമളക്കാൻ കഴിയും,
സന്ധ്യയോടു ചേർന്ന്
കറുപ്പ് നിറയ്ക്കാൻ കഴിയും.

ഇപ്പോൾ
തുരുത്തുകളൊക്കെ
ഒറ്റപ്പെടലുകളെയും,
നിലവിളികളൊക്കെ
അശാന്തിയേയും
ഓർമിപ്പിക്കുകയാണ്.

ഒരിക്കൽ
അവയൊക്കെ
കറുത്തിരുണ്ട രൂപങ്ങളായി
ദ്രവിച്ചു തള്ളിയപല്ലുകൾ കാണിച്ച്,
ആധരം നിറയെ  രക്തമുറ്റിച്ച്,
അരൂപികളായി പിറവിയെടുക്കും,
ഇരുട്ടിലങ്ങനെ  താണ്ടവം ചെയ്യും.

എന്റെ ഉൾവിളികൾക്ക്‌
കാതോർത്താണ ല്ലോ
അവയൊക്കെ
അവിടെ
ആഗതമായിരിക്കുന്നത്,
എന്നതിനാൽ....!!!

മാണ്‍തരികൾ ചുംബിക്കാത്ത
ചുവന്ന രക്തത്താൽ, മാംസത്താൽ
ഞാനവയ്ക്ക് വിരുന്നൊരുക്കാം....!!!

Monday, August 3, 2015

ശാരികേയെന്തിത്ര മാറുവാൻ

ശാരികേ-
യെന്തിത്ര മാറുവാൻ.

തമ്മിൽ നാം
കാണാതെ,
ഉണ്ണില്ലുറങ്ങയി-
ല്ലെങ്കിലുമിത്രമേൽ
മാറുവാൻ
എന്തെന്റെ ശാരികേ...!!!

നിന്റെ
അഴകുള്ള
മിഴികൾ കണ്ടല്ലേ,
ഞാൻ
എഴുതാൻ പഠിച്ചതും,
വരയാൻ പഠിച്ചതും,
സ്വപ്‌നങ്ങൾ
നെയ്യാൻ പഠിച്ചതും,

നിന്റെ-
യലിവുള്ള
സ്മൃതികൾ കൊണ്ടല്ലേ,

ഞാൻ
മഴയായ് രമിച്ചതും,
മലരായ് തുടിച്ചതും,
മധുഗന്ധമായങ്ങലഞ്ഞതും.

എന്നിട്ടുമെന്തെന്റെ
ശാരികേ-
യിത്രമേൽ മാറുവാൻ.