മുറ്റം നിറയെ കരിയിലകൾ
ഇന്നലെ വീശിപ്പോയ
കാറ്റിന്റെ ബാക്കി പത്രിക.
ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ
പേരിടാത്ത രാജ്യത്തിനൊരു
ഭൂപടം തീർക്കുന്നു.
മഞ്ഞ് പെയ്യുന്ന പ്രഭാതം
നിലത്തു കിടക്കുന്ന കരിയിലകൾ,
ആ സൗന്ദര്യത്തിന്
വെയിൽക്കണ്ണുകളുടെ
നൈമിഷികത മാത്രം.
"ഒരു മഴ വന്നെങ്കിൽ...."
വിഭ്രമജനകമായ മരുപ്രദേശത്ത്
മഴയെ കിനാവ് കാണുന്നവർ .
ശബ്‌ദിക്കരുത് ,
ചില നേരങ്ങളിൽ
ശബ്ദങ്ങളെ വെറുക്കുകയോ
ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ.
ചില ശബ്ദങ്ങൾ
ശാന്തമായി വന്നു ഭീകരത
സൃഷ്ടിച്ചു
ശൂന്യത മാത്രം ബാക്കിവെച്ചു
മടങ്ങിപ്പോകും.
മുറ്റം നിറയെ കരിയിലകൾ വീണുകിടക്കുന്നുണ്ട് . ഇന്നലെ വീശിപ്പോയ കാറ്റിന്റെ പരാക്രമങ്ങളുടെ ബാക്കി പത്രിക. ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ പേരിടാത്ത രാജ്യത്തിനൊരു ഭൂപടം തീർക്കുന്നു.
മഞ്ഞ് പെയ്യുന്ന പ്രഭാതം നിലത്തു കിടക്കുന്ന കരിയിലകളെ വർണാഭമാക്കുന്നുണ്ട് . അതിനു നൈമിഷികത മാത്രമാണ്. ഉദിച്ചുയരുന്ന വെയിൽ ഏതു നിമിഷവും അവയെ നിർവികാരമാക്കും. അവ വീണ്ടും കലപില ശബ്ദത്തോടെ കരഞ്ഞു തുടങ്ങും.
ഒരു മഴ വന്നെങ്കിൽ....!
എല്ലാം മനസിന്റെ തോന്നലാണ്. വിഭ്രമജനകമായ മരുപ്രദേശത്ത് ഒരു മഴയെ കിനാവ് കാണാത്തവർ ആരാണുള്ളത്.
ആരും ശബ്‌ദിക്കരുത് . ചില നേരങ്ങളിൽ ശബ്ദങ്ങളെ വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ. ചില ശബ്ദങ്ങൾ അങ്ങനെയാണ് ശാന്തമായി വന്നു ഭീകരമായ ചലനങ്ങൾ സൃഷ്ടിച്ചു ശൂന്യത മാത്രം ബാക്കിവെച്ചു മടങ്ങിപ്പോകും
No comments:
Post a Comment