Sunday, February 19, 2017

ezhuthukal



മുറ്റം നിറയെ കരിയിലകൾ
ഇന്നലെ വീശിപ്പോയ
കാറ്റിന്റെ ബാക്കി പത്രിക.

ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ
പേരിടാത്ത രാജ്യത്തിനൊരു
ഭൂപടം തീർക്കുന്നു.

മഞ്ഞ്  പെയ്യുന്ന പ്രഭാതം
നിലത്തു  കിടക്കുന്ന കരിയിലകൾ,
ആ സൗന്ദര്യത്തിന്
വെയിൽക്കണ്ണുകളുടെ
നൈമിഷികത മാത്രം.

"ഒരു മഴ വന്നെങ്കിൽ...."
വിഭ്രമജനകമായ മരുപ്രദേശത്ത്
മഴയെ കിനാവ് കാണുന്നവർ .

ശബ്‌ദിക്കരുത് ,
ചില നേരങ്ങളിൽ
ശബ്ദങ്ങളെ വെറുക്കുകയോ
ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ.

ചില ശബ്ദങ്ങൾ
ശാന്തമായി വന്നു ഭീകരത
സൃഷ്ടിച്ചു
ശൂന്യത മാത്രം ബാക്കിവെച്ചു
 മടങ്ങിപ്പോകും.






മുറ്റം നിറയെ കരിയിലകൾ വീണുകിടക്കുന്നുണ്ട് . ഇന്നലെ വീശിപ്പോയ കാറ്റിന്റെ പരാക്രമങ്ങളുടെ ബാക്കി പത്രിക. ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ പേരിടാത്ത രാജ്യത്തിനൊരു ഭൂപടം തീർക്കുന്നു.

മഞ്ഞ്  പെയ്യുന്ന പ്രഭാതം നിലത്തു  കിടക്കുന്ന കരിയിലകളെ വർണാഭമാക്കുന്നുണ്ട് . അതിനു നൈമിഷികത മാത്രമാണ്. ഉദിച്ചുയരുന്ന വെയിൽ ഏതു നിമിഷവും അവയെ നിർവികാരമാക്കും. അവ വീണ്ടും കലപില ശബ്ദത്തോടെ കരഞ്ഞു തുടങ്ങും.

ഒരു മഴ വന്നെങ്കിൽ....!
എല്ലാം മനസിന്റെ തോന്നലാണ്. വിഭ്രമജനകമായ മരുപ്രദേശത്ത് ഒരു മഴയെ കിനാവ് കാണാത്തവർ ആരാണുള്ളത്.

ആരും ശബ്‌ദിക്കരുത് . ചില നേരങ്ങളിൽ ശബ്ദങ്ങളെ വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ. ചില ശബ്ദങ്ങൾ അങ്ങനെയാണ് ശാന്തമായി വന്നു ഭീകരമായ ചലനങ്ങൾ സൃഷ്ടിച്ചു ശൂന്യത മാത്രം ബാക്കിവെച്ചു മടങ്ങിപ്പോകും

Saturday, February 18, 2017

"ന്റെ ദേവിയേയ് ....... വണ്ടി ഒന്ന് നിർത്വാ......."


ഒരിക്കൽ പട്ടാമ്പിയിൽ നിന്ന് എടപ്പലേക്കുള്ള യാത്രയിൽ  ഒരു  അപരിചിതൻ  ബൈക്കിനു പുറകിൽ കയറി . യാത്രാമധ്യേ  ചില ചെറിയചെറിയ നേരമ്പോക്കുകൾ പറഞ്ഞു.

ജോലി നേരത്തെ  തീർന്നോ ?
ഉവ്വെന്ന് അദ്ദേഹം ?


എവിടെയായിരുന്നു
ഇവിടെ അടുത്ത് തന്നെ .

എത്ര എണ്ണം അടിച്ചു... ന്ന് ..... വീണ്ടും ഞാൻ
എന്തേ...ന്ന് അദ്ദേഹം ?
ഒന്നൂല്യ നല്ല മണം? അടുക്കാൻ പറ്റുന്നില്ലെന്നു ഞാൻ
ഒടുവിൽ മൂന്നെണ്ണമെന്ന്  സമ്മതിച്ചു അദ്ദേഹം.

വണ്ടിക്ക് ചെറുതായി സ്പീഡ് കൂടിക്കൊണ്ടിരുന്നു
കുട്ടി കഴിക്കോ???
പിന്നെ..... ഇന്നിപ്പോ ഒരു അഞ്ചണ്ണം കഴിഞ്ഞു
ഇനി  നാട്ടിലെത്തിയിട്ട്  ഒരു മൂന്നെണ്ണം കൂടി.......!!!

അത് കേട്ടതും പിന്നിലിരുന്ന യാത്രികന്റെ ചങ്കിൽ നിന്ന് ഒരു ആർത്തനാദം പുറപ്പെട്ടതും ഒരുമിച്ചായിരുന്നു  .....!!!

"ന്റെ ദേവിയേയ് ....... വണ്ടി ഒന്ന് നിർത്വാ......."

 ബ്രേക്ക് പാതിപിടിച്ച
 വണ്ടിയിൽ നിന്ന്  ചാടിയിറങ്ങി നെഞ്ചോട് കൈ ചേർത്തു ഒന്നും പറയാൻ നിൽക്കാതെ  അയാളോടുകയായിരുന്നു... ......!!!!

"യാത്രക്ക് ഹരം പകരാൻ ഞാനൊരു   നുണപറഞ്ഞതായിരുന്നു"

Thursday, February 16, 2017

ചിന്ത



ഓരോ
പ്രഭാതവും
എന്നെ ഓർമിപ്പിക്കുന്നത്
നീ ....
സ്വാപനം കാണുകയാണ് എന്നാണ്‌.

ഓരോ
രാത്രികളും
മരണത്തിനു കീഴടങ്ങുന്നു എന്നും.

എന്റെ
ചിന്തകൾ
മരണത്തെയും
ജീവിതത്തെയും
മാറിമാറി
വിശകലം ചെയ്യുന്നു


Wednesday, February 15, 2017

എന്തോ, എല്ലാവര്ക്കും എന്നെ വലിയ ഇഷ്ടമാണ്


ഒരിക്കൽ എടപ്പാളിലെ റോഡരികിലൂടെ  നടന്നു പോകുമ്പോൾ ഒരു സ്ത്രീ ശബ്ദം കേട്ടു.
''ഡാ..... എവിടെക്കാ......"ന്ന്.... .
ഞാൻ അവരെ സൂക്ഷിച്ചു നോക്കി. എനിക്ക് ഒട്ടും തന്നെ  പരിചയമില്ലാത്ത ഒരു മുഖം.

''ദ്.... ഞാനാടാ.... രേഷ്മ.....,
ഈ മൂന്നെണ്ണം എന്റെ കിങ്ങിണികളും''

ആ... നിമിഷത്തിൽ ഏട്ടുപത്തു വര്ഷം പഴക്കമുള്ള സ്‌കൂൾ ജീവിതത്തിലേയ്ക്ക്  ഞാനൊന്നു തിരിഞ്ഞു നടന്നു. ക്‌ളാസ് മുറിയിലെ പൊട്ടിത്തെറിച്ച പെൺകുട്ടികളിൽ ഒരു  പെൺകുട്ടി. ഓർമിച്ചെടുക്കാൻ മാത്രം സൗഹൃദമൊന്നും ഞങ്ങൾക്കിടയിലില്ലായിരുന്നു എന്നിട്ടും എന്നെ ഇപ്പോഴും ഓർമ്മിക്കുന്നു എന്നറിഞ്ഞതിൽ വല്ലാത്ത ഒരു സന്തോഷം .

നീയെന്താടാ...... അന്തം വിട്ടുനിൽക്കുന്നത്,
അവൾ വീണ്ടുംവീണ്ടും  പൊട്ടിച്ചിരിക്കുന്നു. ഞാനും .

ഹസ്സ് എന്ത് ചെയ്യുന്നു ??? ഓട്ടോ ഡ്രൈവറാണെന്ന് അവൾ
പറഞ്ഞു മുഴുമിക്കും മുമ്പ്  ഒരു ഓട്ടോ വന്ന് അവളെയും കുട്ടികളെയും നിറച്ചു കടന്നു പോയി. ഓർമകളുടെ കൈത്തണ്ടുകൾ വായുവിലുയർന്നു താഴുമ്പോൾ  അയാൾ.... ഇടക്കൊന്നു തിരിഞ്ഞു നോക്കി.......  അവൾ അയാളോട്  പറഞ്ഞിരിക്കണം ഞങ്ങൾ ഒരുമിച്ചു പഠിച്ചവരായിരുന്നു എന്ന് ....!!!!

Sunday, February 12, 2017