Tuesday, April 4, 2017
Wednesday, March 22, 2017
ജീവന്റെ അടയാളങ്ങൾ
നീയും
ഞാനുമടക്കം
നമ്മൾ വരച്ചിട്ടുപോയ,
മറന്നുപോയ,
ഓരോ വാക്കുകൾക്കും
വരികൾക്കും
ഇടയിലെ
തിരിച്ചറിയാനാകാത്ത
ഇടവേള,
യാത്രകൾക്കിടയിലെ
ഓർമകൾ പേറുന്ന
ചില ഗന്ധങ്ങൾ,
ഭൂപടത്തിനു കുറുകെ
നാം വരയ്ക്കുന്ന
ചില നേരിയ നീർച്ചാലുകൾ,
നമ്മളിൽ നമ്മൾ തീർക്കുന്ന
ജീവന്റെ അടയാളങ്ങൾ
Sunday, February 19, 2017
ezhuthukal
മുറ്റം നിറയെ കരിയിലകൾ
ഇന്നലെ വീശിപ്പോയ
കാറ്റിന്റെ ബാക്കി പത്രിക.
ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ
പേരിടാത്ത രാജ്യത്തിനൊരു
ഭൂപടം തീർക്കുന്നു.
മഞ്ഞ് പെയ്യുന്ന പ്രഭാതം
നിലത്തു കിടക്കുന്ന കരിയിലകൾ,
ആ സൗന്ദര്യത്തിന്
വെയിൽക്കണ്ണുകളുടെ
നൈമിഷികത മാത്രം.
"ഒരു മഴ വന്നെങ്കിൽ...."
വിഭ്രമജനകമായ മരുപ്രദേശത്ത്
മഴയെ കിനാവ് കാണുന്നവർ .
ശബ്‌ദിക്കരുത് ,
ചില നേരങ്ങളിൽ
ശബ്ദങ്ങളെ വെറുക്കുകയോ
ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ.
ചില ശബ്ദങ്ങൾ
ശാന്തമായി വന്നു ഭീകരത
സൃഷ്ടിച്ചു
ശൂന്യത മാത്രം ബാക്കിവെച്ചു
മടങ്ങിപ്പോകും.
മുറ്റം നിറയെ കരിയിലകൾ വീണുകിടക്കുന്നുണ്ട് . ഇന്നലെ വീശിപ്പോയ കാറ്റിന്റെ പരാക്രമങ്ങളുടെ ബാക്കി പത്രിക. ഇടക്ക് വഴുതിവീണ മരക്കൊമ്പുകൾ പേരിടാത്ത രാജ്യത്തിനൊരു ഭൂപടം തീർക്കുന്നു.
മഞ്ഞ് പെയ്യുന്ന പ്രഭാതം നിലത്തു കിടക്കുന്ന കരിയിലകളെ വർണാഭമാക്കുന്നുണ്ട് . അതിനു നൈമിഷികത മാത്രമാണ്. ഉദിച്ചുയരുന്ന വെയിൽ ഏതു നിമിഷവും അവയെ നിർവികാരമാക്കും. അവ വീണ്ടും കലപില ശബ്ദത്തോടെ കരഞ്ഞു തുടങ്ങും.
ഒരു മഴ വന്നെങ്കിൽ....!
എല്ലാം മനസിന്റെ തോന്നലാണ്. വിഭ്രമജനകമായ മരുപ്രദേശത്ത് ഒരു മഴയെ കിനാവ് കാണാത്തവർ ആരാണുള്ളത്.
ആരും ശബ്‌ദിക്കരുത് . ചില നേരങ്ങളിൽ ശബ്ദങ്ങളെ വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുകയാണ് ഞാൻ. ചില ശബ്ദങ്ങൾ അങ്ങനെയാണ് ശാന്തമായി വന്നു ഭീകരമായ ചലനങ്ങൾ സൃഷ്ടിച്ചു ശൂന്യത മാത്രം ബാക്കിവെച്ചു മടങ്ങിപ്പോകും
Saturday, February 18, 2017
"ന്റെ ദേവിയേയ് ....... വണ്ടി ഒന്ന് നിർത്വാ......."
ഒരിക്കൽ പട്ടാമ്പിയിൽ നിന്ന് എടപ്പലേക്കുള്ള യാത്രയിൽ ഒരു അപരിചിതൻ ബൈക്കിനു പുറകിൽ കയറി . യാത്രാമധ്യേ ചില ചെറിയചെറിയ നേരമ്പോക്കുകൾ പറഞ്ഞു.
ജോലി നേരത്തെ തീർന്നോ ?
ഉവ്വെന്ന് അദ്ദേഹം ?
എവിടെയായിരുന്നു
ഇവിടെ അടുത്ത് തന്നെ .
എത്ര എണ്ണം അടിച്ചു... ന്ന് ..... വീണ്ടും ഞാൻ
എന്തേ...ന്ന് അദ്ദേഹം ?
ഒന്നൂല്യ നല്ല മണം? അടുക്കാൻ പറ്റുന്നില്ലെന്നു ഞാൻ
ഒടുവിൽ മൂന്നെണ്ണമെന്ന് സമ്മതിച്ചു അദ്ദേഹം.
വണ്ടിക്ക് ചെറുതായി സ്പീഡ് കൂടിക്കൊണ്ടിരുന്നു
കുട്ടി കഴിക്കോ???
പിന്നെ..... ഇന്നിപ്പോ ഒരു അഞ്ചണ്ണം കഴിഞ്ഞു
ഇനി നാട്ടിലെത്തിയിട്ട് ഒരു മൂന്നെണ്ണം കൂടി.......!!!
അത് കേട്ടതും പിന്നിലിരുന്ന യാത്രികന്റെ ചങ്കിൽ നിന്ന് ഒരു ആർത്തനാദം പുറപ്പെട്ടതും ഒരുമിച്ചായിരുന്നു .....!!!
"ന്റെ ദേവിയേയ് ....... വണ്ടി ഒന്ന് നിർത്വാ......."
ബ്രേക്ക് പാതിപിടിച്ച
വണ്ടിയിൽ നിന്ന് ചാടിയിറങ്ങി നെഞ്ചോട് കൈ ചേർത്തു ഒന്നും പറയാൻ നിൽക്കാതെ അയാളോടുകയായിരുന്നു... ......!!!!
"യാത്രക്ക് ഹരം പകരാൻ ഞാനൊരു നുണപറഞ്ഞതായിരുന്നു"
Thursday, February 16, 2017
ചിന്ത
ഓരോ
പ്രഭാതവും
എന്നെ ഓർമിപ്പിക്കുന്നത്
നീ ....
സ്വാപനം കാണുകയാണ് എന്നാണ്.
ഓരോ
രാത്രികളും
മരണത്തിനു കീഴടങ്ങുന്നു എന്നും.
എന്റെ
ചിന്തകൾ
മരണത്തെയും
ജീവിതത്തെയും
മാറിമാറി
വിശകലം ചെയ്യുന്നു
Wednesday, February 15, 2017
എന്തോ, എല്ലാവര്ക്കും എന്നെ വലിയ ഇഷ്ടമാണ്
ഒരിക്കൽ എടപ്പാളിലെ റോഡരികിലൂടെ നടന്നു പോകുമ്പോൾ ഒരു സ്ത്രീ ശബ്ദം കേട്ടു.
''ഡാ..... എവിടെക്കാ......"ന്ന്.... .
ഞാൻ അവരെ സൂക്ഷിച്ചു നോക്കി. എനിക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത ഒരു മുഖം.
''ദ്.... ഞാനാടാ.... രേഷ്മ.....,
ഈ മൂന്നെണ്ണം എന്റെ കിങ്ങിണികളും''
ആ... നിമിഷത്തിൽ ഏട്ടുപത്തു വര്ഷം പഴക്കമുള്ള സ്‌കൂൾ ജീവിതത്തിലേയ്ക്ക് ഞാനൊന്നു തിരിഞ്ഞു നടന്നു. ക്‌ളാസ് മുറിയിലെ പൊട്ടിത്തെറിച്ച പെൺകുട്ടികളിൽ ഒരു പെൺകുട്ടി. ഓർമിച്ചെടുക്കാൻ മാത്രം സൗഹൃദമൊന്നും ഞങ്ങൾക്കിടയിലില്ലായിരുന്നു എന്നിട്ടും എന്നെ ഇപ്പോഴും ഓർമ്മിക്കുന്നു എന്നറിഞ്ഞതിൽ വല്ലാത്ത ഒരു സന്തോഷം .
നീയെന്താടാ...... അന്തം വിട്ടുനിൽക്കുന്നത്,
അവൾ വീണ്ടുംവീണ്ടും പൊട്ടിച്ചിരിക്കുന്നു. ഞാനും .
ഹസ്സ് എന്ത് ചെയ്യുന്നു ??? ഓട്ടോ ഡ്രൈവറാണെന്ന് അവൾ
പറഞ്ഞു മുഴുമിക്കും മുമ്പ് ഒരു ഓട്ടോ വന്ന് അവളെയും കുട്ടികളെയും നിറച്ചു കടന്നു പോയി. ഓർമകളുടെ കൈത്തണ്ടുകൾ വായുവിലുയർന്നു താഴുമ്പോൾ അയാൾ.... ഇടക്കൊന്നു തിരിഞ്ഞു നോക്കി....... അവൾ അയാളോട് പറഞ്ഞിരിക്കണം ഞങ്ങൾ ഒരുമിച്ചു പഠിച്ചവരായിരുന്നു എന്ന് ....!!!!
Sunday, February 12, 2017
Sunday, January 29, 2017
തത്തമ്മേ പൂച്ച പൂച്ച
ചില ചോദ്യങ്ങൾ,
ചില ഉത്തരങ്ങൾ.
തത്തമ്മേ പൂച്ച പൂച്ച
ഭൂമി ഉരുണ്ടതാണ് .
ഉരുണ്ട ഭൂമി
സാങ്കൽപ്പിക അച്ചുതണ്ട്
സ്വയം തിരിയൽ
അതിന്റെ വേഗം.
അവന്റെ കണ്ണുകളിൽ
ആശ്ചര്യം വിടർന്ന്
ഭൂമിയങ്ങനെ
ഉരുണ്ടു ചെറുതായി.
ചില രേഖകൾ
ഇന്നലകളിൽ വറ്റിപ്പോയ
പുഴകളാണെന്ന്
അദ്ധ്യാപകൻ.
തിരച്ചിലിനിടയിൽ
ഭൂമധ്യരേഖ കണ്ട്
അവന്റെ മിഴിവിടർന്നു
വറ്റിപ്പോയ
പുഴകളെയൊക്കെ
ഓർത്തെടുക്കാൻ
ആ.....വര,
അവന്റെയുള്ളിൽ
നീണ്ടുനീണ്ട്.
Saturday, January 21, 2017
ബാലാ.... ബാലാ a miny story
വർഷങ്ങൾക്ക് മുമ്പാണ് ഒരു സീരിയലിന്റെ പിന്നണിയിൽ പ്രവത്തിക്കാൻ ഞങ്ങളെ വിളിക്കുന്നത്. സിനിമയിൽ ഭ്രമം മൂത്ത ആ... കാലം പറഞ്ഞതിലും നേരത്തെ ഞങ്ങളൊക്കെ ഹാജരായി.
സീൻ 1 : പുഴയിൽ കാക്കയെടുക്കാൻ മുങ്ങുന്ന ബാലൻ..... ! വഞ്ചിയിൽ നായിക.
കാമറ ഓൺചെയ്യുമ്പോൾ നായികക്ക് ചെറിയൊരു ഡയലോഗുണ്ട്. അത് കഴിഞ്ഞാണ് ബാലേട്ടൻ വെള്ളത്തിൽ നിന്നും ഉയർന്നു വരേണ്ടത്.
സീൻ തുടങ്ങി നായിക വിളികേട്ടു ..... അതിനിടക്ക് ഡയറക്റ്റർ വിളിച്ചു പറയുന്നത് കേട്ടു. ബാലാ..... ബാലാ......!!! വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന ബാലേട്ടനെയാണ് കക്ഷി കരയിൽ നിന്ന് ആഞ്ഞു വിളിക്കുന്നത്.... ശ്വാസത്തിന്റെ മുഴുവനും തീർന്നപ്പോഴാണ് ബാലേട്ടൻ വെള്ളത്തിൽ നിന്നും ആദ്യ ഷോട്ടിൽ പൊങ്ങിവരുന്നത്. ശ്വാസം കിട്ടാതെ കണ്ണുതള്ളി ഉയർന്നുവരുന്ന ബാലേട്ടനെക്കണ്ടു ചില ന്യൂജൻ കവികളേടെ ചുണ്ടിലൊക്കെ ചെറിയൊരു പ്രകാശം പരന്നു. കരയിലെത്തിയ ബാലേട്ടൻ ചോദിച്ചു
"ഇങ്ങളെന്തേ .... ന്നെ വിളിക്കാതിരുന്നത് ??? "
ആരും ഒന്നും പറഞ്ഞില്ല . അബദ്ധം തിരിച്ചറിഞ്ഞ ഡയക്ടർ വീണ്ടും പറഞ്ഞു ഒരു കല്ല് വെള്ളത്തിൽ വീഴുന്നത് അറിഞ്ഞാൽ ബാലൻ ഉയർന്നോളൂ.
അങ്ങനെയാണ് ആദ്യത്തെ ഷോട്ട് പൂർത്തിയായത് എന്ന് തോനുന്നു
ഇപ്പോഴും അത് ഓർമിക്കുമ്പോൾ പുഴയും വള്ളവും ബാലേട്ടനും, ബാലാ.... ബാലാ.... എന്ന വിളിയും മാത്രം ബാക്കിയാവുന്നു
Monday, January 16, 2017
Friday, January 13, 2017
നഗ്നകവിതകൾ
മഞ്ഞും,
മഴയും,
വെയിലും,
വേനലുമെല്ലാം
കേട്ടുകേട്ട് മടുത്തു.
ഇനി,
നഗ്നകവിതകളുടെ
കാലമാണ്.
നമുക്ക്
കലഹിക്കാം,
പുലഭ്യം പറയാം,
ബന്ധങ്ങളുടെ
ചങ്ങലക്കണ്ണികളുരുക്കി
വാളുകളും, കട്ടാരകളും
പണികഴിപ്പിക്കാം
Subscribe to:
Posts (Atom)