Sunday, October 16, 2016

മഴക്കണ്ണി


തോളോട് തോൾചേർന്ന്
വെറുതെയിരിക്കുമ്പോഴാണ്
പലപ്പോഴും അവൾ
സങ്കടങ്ങളുടെ ഭാണ്ഡം
തുറന്ന് വെക്കാറുള്ളത്.

അത് ചിലപ്പോൾ
വഴിവിളക്കിന്റെ നാളം
അണയും വരേയ്ക്കും,

അല്ലെങ്കിൽ
അടുത്ത  പ്രഭാതത്തിന്റെ
തുടക്കം വരേയ്ക്കും നീണ്ടുപോകും.


എല്ലാം കേട്ട്കഴിയുമ്പം
കൈകളങ്ങനെ അമർത്തിപ്പിടിച്ചു
കവിളിലൊരുമ്മകൊടുക്കുമ്പൊ,
കണ്ണൊക്കെ
ആകാശം ചോര്ണമാതിരി.

ഇടക്ക് എന്തേ കരയണ്.... ന്ന്
ചോദിച്ചാ...
ഇടക്ക് പറയും
സന്തോഷം കൊണ്ടാ...ന്ന്

ന്ന്...ട്ട് ..... ചേർന്നങ്ങനെ
നെഞ്ചിലേക്ക് ....!!!!

Tuesday, September 27, 2016

സ്മാരകങ്ങളെ സ്നേഹിക്കുന്നവർ



സ്മാരകങ്ങളെ
സ്നേഹിക്കുന്നവർ
എന്നും,
വിരളമായിരുന്നു,

നിവർന്നാടുന്ന
കലണ്ടറിലെ
ചില ദിവസങ്ങളെ,

കൂട്ടിവെച്ച
കുടുക്കയിലെ
ചില തുട്ടുകളെ,

മുറ്റത്തെ
തുളസിത്തറയെ,

കളിച്ചു വളർന്ന,
രാമനാമം ജപിച്ച,
മണ്മറഞ്ഞ ഓലപ്പുരയെ

സ്മാരകങ്ങളെ
സ്നേഹിക്കുന്നവർ
എന്നും,
വിരളമായിരുന്നു,

Saturday, August 27, 2016

Thursday, August 11, 2016

പാലം


വേനലിൽ
ഉണങ്ങിവരണ്ട്‌,
വർഷത്തിൽ
നിറഞ്ഞു തുളുംബി
ഓർമകളെ
പേടിപ്പെടുത്തിയൊരു
പാലമുണ്ടായിരുന്നു
നാട്ടിൽ.

വരൾച്ചയെ
പേടിപ്പെടുത്താൻ
ഉടഞ്ഞ കാലങ്ങളും
വെള്ളത്തെ
പേടിപ്പെടുത്താൻ
ഒളിച്ചിരിക്കുന്ന
നീരാളികളും
മാത്രമുള്ള
ഒരു പാലം.

ഒരിക്കലൊരുവട്ടം
കിണറിൽ വീണുമരിച്ച
ഒരു പരദേശിയെയും,
പിന്നെ ഒരുവട്ടം
ശൈത്താൻനെ കണ്ടു പേടിച്ച
അസ്സൻ കുട്ടിയേയും
കണ്ടു.

കാറ്റ്
കറക്കിക്കൊണ്ടു പോകുന്ന
വൈക്കോൽ തുമ്പുകളും
രാവ്
ഓരിയിട്ടോടിക്കുന്ന
കുറുനരികളെയും
കണ്ടു.

ശൈത്താൻനെയും
നീരാളിപ്പടകളെയും
മാത്രം.

പാലം
ഇന്ന്,
ഒരടയാളം
മാത്രമാണ്.

സ്നേഹത്തിന്റെ,
ഭീതിയുടെ ,
പച്ചപ്പിന്റെ ,
അങ്ങനെ
പറഞ്ഞറിയിക്കാനാകാതെ
അതുവഴി
കടന്നുപോയവർക്ക്
ഓർത്തുവെയ്ക്കാനുള്ള
ഒരു
സ്നേഹോപഹാരം

Wednesday, July 27, 2016

പാത്രം വിൽപ്പനക്കാർ : മിനിക്കഥ




ഇടുങ്ങിയ വാതിലുകൾക്കിടയിൽ നിന്ന് അയാൾ പുറത്തേക്കിറങ്ങി.  പാതികത്തിയ ബീഡിക്കുറ്റിയിൽനിന്ന് സ്വാതന്ത്രമാകുന്ന പുകച്ചുരുളുകൾ, വഴികളിലെവിടെയോ ഓർമപുതപ്പിച്ച മറ്റൊരു അയ്യപ്പൻ .                    

ഞാൻ അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു. തിരിച്ച് അയാളും.
എന്താണ് ജോലി ? അപരിചിതനെങ്കിലും എനിക്കെന്തോ പെട്ടന്ന് അങ്ങനെയാണ് ചോദിക്കാൻ തോന്നിയത്.

സ്വപനേരത്തെ മൗനത്തിനു ശേഷം അയാൾ എന്നെയൊന്നു നോക്കി, അതിനുള്ള ഉത്തരം ഒരു മറുചോദ്യമായിരുന്നു. എടപ്പാൾ, ഞാൻ മറുപടി പറഞ്ഞു. ഇവിടെ?  വെറുതെ കയറിയതാണ് ഒന്ന് പുകയാമെന്നു വിചാരിച്ചു. എന്റെ കയ്യിലെ നഗ്നനായ സിഗററ്റിനെ അയാളുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി ... ഉള്ളിലെവിടെയോ എനിക്കും...!!!

എന്നോടിതുവരെ ആരും ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല ..!! അതുകൊണ്ടു ചോദിച്ചതാണ്. ആ സമയത്ത് കഴിഞ്ഞ  ദിവസത്തെ മദ്യത്തിന്റെ ചീഞ്ഞ വാസന എനിക്കടുത്തേയ്ക്ക് കടന്നുവന്നു .. !!

എന്റെ പേര് ശിവൻ......, വീട് പാലക്കാടാണ് ....! ചിറ്റൂര്  സംഗീത കോളേജിനടുത്ത് ...!! അദ്ദേഹം എന്റെ ചോദ്യങ്ങളിലേയ്ക്ക് അടുക്കുകയാണ് എനിക്ക് മനസിലായി. ഞങ്ങൾ ചെട്ടിയാർമാരാണ്. വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യയുടെ സഹോദരനൊപ്പം ഇവിടെയെത്തി. ആദ്യം ഇടപ്പള്ളിയിലായിരുന്നു... പിന്നെപ്പിന്നെ ഇവിടേയ്ക്ക് ഉൾവലിഞ്ഞു . ഇപ്പൊ നമ്മളെപ്പോലുള്ളവരെ ആർക്കാണ് വേണ്ടത്. മറ്റൊന്നും ചെയ്യാനറിയാത്തതുകൊണ്ട് ഇപ്പോഴും ഇത് തുടരുന്നു. ഇപ്പൊ പഴയതുപോലെയല്ല. കുറച്ചു പ്ലാസ്റ്റിക് പാത്രങ്ങളുടെ കച്ചവടം .രാവിലെ ഇറങ്ങും വൈകിയെത്തുമ്പോഴേക്കും ഭക്ഷണത്തിനുള്ളത് എന്തെങ്കിലുമൊത്താൽ ഭാഗ്യം....!!!

അയാൾ ചിരിക്കുന്നു....!!വിഷാദങ്ങളില്ലാത്ത തെളിഞ്ഞ ചിരി...., അന്നന്നേക്ക് അന്നം കണ്ടെത്തുന്നവരുടെ തെളിഞ്ഞ ചിരി....!!!  ചിരിക്കിടയിൽ പെയ്തൊഴിയാൻ കൊതിക്കുന്ന കാർമേഘങ്ങളിലേയ്ക്ക് മിഴികളെറിയുന്നു...!! പൂർവ്വകാലത്തിന്റെ നല്ല സായാഹ്നങ്ങളിലേയ്ക്ക്  കുറച്ചു സമയം....!!!

ഈ ചുമടെടുക്കാൻ ഒന്ന് സഹായിക്കാമോ....!!! തീർച്ചയായും എന്ന് ഞാൻ. തലയിലെടുത്ത ഭാരത്തെ ആ ശരീരം താങ്ങുന്നുവോ....!!! വഴികളിൽ വീണുപോവുമോ.. ഒരു കുലുക്കത്തോടെ ഭാരം ബാലൻസു ചെയ്ത്   ഒരു ചെറു ചിരിയോടെ വീണ്ടുംവീണ്ടും  മുന്നിലേയ്ക്ക് ....... കെടുത്താതെ സൂക്ഷിച്ച ആ ബീഡി അപ്പോഴും പുകയുന്നുണ്ട് !!! കഴിഞ്ഞ ദിവസത്തെ മനം മടുപ്പിക്കുന്ന നേർത്ത ഗന്ധം....!!

Monday, March 28, 2016

സഖാവ്

ക്രൂശിക്കാനും കുരുശിലേറ്റാനും ഞാനിവിടെ നിന്നുതരാം, വീണുപോകുന്നിടത്തോക്കെ താങ്ങി നിർത്താൻ സഖാവെന്നൊരു ഉൾവിളിയുണ്ടെങ്കിൽ, മനുഷ്യത്വത്തിന്റെ ഇത്തിരിയിത്തിരി നനവുണ്ടെങ്കിൽ, ജാതി-മത ചിന്തകൾക്കപ്പുറത്ത് പരന്നൊഴുകുന്നൊരു ആത്മസമർപ്പണമുണ്ടെങ്കിൽ. മുന്പിലും, പുറകിലും ആയിരമായിരം വാക്കത്തികൾ രാകിമിനുക്കുമ്പോഴും അതിജീവനത്തിന്റെ ആയിരമായിരം അഗ്നി നക്ഷത്രങ്ങൾക്കിടയിൽ, അനന്ത പ്രതീക്ഷകൾക്കിടയിൽ, ഞാനിവിടെത്തന്നെയുണ്ട്, നിന്റെ ഓരോ ധ്വനിയിലും ഒരു നല്ല മനുഷ്യ സ്നേഹിയുണ്ടെങ്കിൽ നിനക്കും സധൈര്യം ഇന്കിലാബ് വിളിക്കാം, സഖാവെന്ന വാക്ക് ഹൃദയത്തോട് ചേ്ർത്തു പിടിക്കാം .....!!! സഖാവെന്ന വാക്ക് .......!!!

Wednesday, March 16, 2016

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു,

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു, ഉറവിലൊക്കെയും കടൽ മണക്കുന്നു, കടലിനാഴിയി- ലുറഞ്ഞു പോയൊരു പ്രപഞ്ച സ്ഫോടന- മുണർന്നിരിക്കുന്നു. കുളിർക്കുവാൻ നിലാ- വൊഴുകിയെത്തിലും, വിറക്കുന്നൂ മേനി തളർച്ച കാഴ്ചയിൽ, ഇടയ്ക്കുമങ്ങിയും ഉയർന്നുതാണുമി പ്രപഞ്ചസീമയെ തഴുകുന്നൂ സൂര്യൻ. തുഴഞ്ഞു ശീലിച്ച പഴയ പങ്കായം എടുത്തുയർത്തിനി- ന്നപരനോടുപോൽ, കടലു ചുംബിക്കും മകലെ വാനവും മലകളും നോക്കി- യിതാണ് ജീവിതം. എടുത്തുയർത്തിയ പഴയ പങ്കായം അടുത്ത മാത്രയി- ലടുത്തു വെച്ചിട്ട് പതിവിലെത്രയോ മൃദുലമായ്നിന്ന- ങ്ങകലെ നോക്കി സ്മിതം പൊഴിച്ചീടുന്നു. ധൃതിയിലെന്റെ കരാഗതങ്ങളിൽ തുഴയുമെന്നടു ത്തിത്തിരി വള്ളവും, തിരകൾ മാടി വിളിക്കും വിശാലമാം കനകമുള്ളിലോളിക്കും പ്രഭാവവും. പതിയെ സഞ്ചരിക്കേ- ണ്ടുന്ന പാതയിൽ തിരകൾ താണ്ടിയകലവേ പന്തുപോൽ, പതിയെ മണ്ണിനെ വേർപെടുത്തീടുന്ന പഴയബോധം വിളിച്ചുണത്തീടുന്നു.
കരയകന്നു കരയിലെ ചിത്രവും, കടലുമാത്രം കരാഗതങ്ങളിൽ, കാഠിനമെങ്കിലു മിത്രയുംശൂന്യത കരളുപോയി കനലിൽ ലയിക്കട്ടെ.

Tuesday, March 15, 2016

ആത്മഹത്യക്ക് മുമ്പ് (രമണൻ ഒരു പ്രണയ ബിംബം)

നിലച്ചു പോകുമൊ-
രാത്മഗീതത്തിന്റെ,
നിശബ്ദ രാഗമാണീ-
മൃതുവേണുവിൽ,

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ.

വരണ്ടു പോകുന്നു-
ണ്ടിടയ്ക്കു നാവുകൾ,
വനാന്തരങ്ങളി-
ലലഞ്ഞചിന്തകൾ

വസന്ത രാത്രികൾ,
മുല്ലകൾ, തെച്ചികൾ
ഇരുട്ടിൽ മാത്രം
വിടരുന്ന ഗന്ധങ്ങൾ.

കഴിഞ്ഞതൊക്കെയും
തികച്ചുമോർമകൾ
മറന്നു വെയ്ക്കാൻ
കഴിയാത്ത ചിത്രങ്ങൾ

മരണമെന്നുള്ള
ഭ്രമവികാരത്തി-
ന്നടിമയാക്കാൻ
കൊതിക്കുന്ന ബിംബങ്ങൾ

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ,

എനിക്ക് പാടുവാന-
ഗാധമായൊരു
പരമപാവന
ഗീതമാണീ സ്മൃതി.

Monday, March 7, 2016

ആദരാന്ജലികളോടെ കേരളത്തിന്റെ കറുത്ത മുത്തിന് (കലഭാവൻ മണിയ്ക്ക്)

നീ
ഗാന്ധിയേയോ
ഗോഡ്സയെയോ
ഒർമിപ്പിക്കുന്നില്ല,

വെറുപ്പിനെയോ
വിദ്വേഷത്തിനെയോ
പങ്കുവെയ്ക്കുന്നില്ല,

എങ്കിലും,
ശൂന്യതകളിൽ
സ്നേഹനുഭൂതി സൃഷ്ടിച്ച്
നീ,
പോയകാലത്തിലേയ്ക്ക്
മധുരനാരങ്ങയെറിഞ്ഞു കൊടുക്കുന്നു,
മാറ്റങ്ങളിലേയ്ക്ക്
മൌനാനുവാദം തേടുന്നു.

ഇന്ന്
നിന്റെ വേർപാടിൽ നിന്ന്
എന്റെ കവിത,
കണ്ണീരുപൊഴിക്കുകയും
തലതല്ലിക്കരയുകയും ചെയ്യുന്നു.

ഇനിയൊരു
തിരിച്ചുവരവുണ്ടാകില്ലെന്നറിയാം
എന്നിട്ടും വെറുതെ വെറുതെ....!!!!

Wednesday, February 3, 2016

പെണ്ണ്

കാനന ഭംഗിയിൽ
ലയിച്ച്,
കാറ്റിനൊത്ത്  ചാഞ്ചാടി
കളകളാരവങ്ങളാൽ
ചിലമ്പണിഞ്ഞ്
ഒരു
കാനന കന്യക.

അവളുടെ
സ്വപ്നങ്ങളിൽ
പൂക്കളും, ശലഭവും
വേണുഗാനവും  മാത്രം.

പ്രണയവും, പ്രകാശവും
ആത്മഹർഷവും, വിഷാദവുമെല്ലാം
അവൾക്ക് സ്വന്തം.

അവളുടെ
ചിന്തകളിൽ നിന്ന്
ആയിരമായിരം
പൂവുകൾ
പിറവിയെടുക്കുകയും
ശലഭങ്ങൾ
പറന്നകലുകയും
ചെയ്യുന്നു,

അവളുടെ
വിഷാദങ്ങളിൽ നിന്ന്
ആയിരമായിരം
പറവകൾ ചിറകടിക്കുകയും
രാക്കിളികൾ
വിലപിക്കുകയും ചെയ്യുന്നു

കണ്ണുകളിൽ
നുരഞ്ഞുപോങ്ങുന്ന
അഗ്നിയും, വ്യാകുലതകളും

അവൾക്ക്
പേരില്ല,
പേരുകൾക്കപ്പുറത്ത്
പ്രകൃതിയായി,
ദേവതയായി,
പേരിടാത്തതിലൊക്കെയും
സർവ്വവ്യാപിയായി .

Wednesday, January 27, 2016

പാളങ്ങളിൽ

പാളങ്ങളിൽ
ഓളങ്ങൾ തീർത്ത്
കുതിച്ചു പായുന്ന
തീവണ്ടി,

കുന്നുകളും,
മലകളും ,
മരങ്ങളും,
പുഴകളുമൊക്കെ
പുറകിലേയ്ക്ക്
പുറകിലേയ്ക്ക്.

കൂകിക്കൂകി
കുതിച്ചു പായുന്ന
അത്,
പാമ്പുടലിനെയോ,
കുറുനരികളെയോ
ഒക്കെ,
ഓർമ്മപ്പെടുത്തുന്നു.

സിഗ്നലുകളൊക്കെ
കണ്ടുമരവിച്ച
ഞരക്കങ്ങളുടെ
ഉൾകാഴ്ചകളിലേയ്ക്കും.

നോക്കൂ....
ഞാനും നീയുമൊക്കെ
നില്ക്കുന്ന ആllll  ഇടം,
അത് ഒന്നുതന്നെയാണ്,

പാളങ്ങൾ  തീർക്കുന്ന
അതിജീവനത്തിന്റെ
നേർത്ത സ്പന്ദനങ്ങൾ പോലെ...!!!