Wednesday, June 11, 2014

ഒരു മഴകവിത

നിത്യ വിസ്മയങ്ങളി-
ലെഴുതാൻ മറന്നോരെ-
ന്നർപ്പണ  ബോധത്തിന്റെ
ശിലാ ലിഖിതം പോലെ,
നിത്യവും തൊട്ടുതൊ-
ട്ടുണർത്തീടുന്നുണ്ടിന്നും
സത്വര പ്രവാഹത്തി-
ന്നമൃതം പൊലീവർഷം.

ഇന്നലെ പെയ്തുതോർന്ന
മഴയിൽ മങ്ങിപോയ
വെള്ളിടി വെളിച്ചത്തിൻ
രണ്ടു ചീളുകൾ താഴെ,
പൊങ്ങി നില്ക്കുന്നു
രണ്ടു കൂണുകലായി മുന്നിൽ
കുഞ്ഞു ജീവികൾകല്പം
വിശ്രമം കൊള്ളാൻ മാത്രം.

ഇരുളിൻ സ്വകാര്യത
പങ്കിടാൻ തവളകൾ
പാടുന്ന പാട്ടിന്നുള്ളിൽ
ശ്രുതിയായ്  ചീവിടുകൾ
താളമായ് താളത്തിന്റെ
ലയമായ് ഇലകളിൽ
തങ്ങിനിൽപ്പുണ്ട്‌ പണ്ടേ
ശീലിച്ച മഴകൈകൾ.

ആയിരം വിരലുകൾ
ആത്മാവിൽ സ്പർശിക്കുമ്പോൾ
ആനന്ദമേകുന്നുണ്ടീ
ധ്വനികളെനിക്കിന്നും,
മിഴികൾ മാത്രം രണ്ടു
ജാലകപ്പഴുതുകൾ-
ക്കിപ്പുറമിരുന്നു കൊ-
ണ്ടവയെ വീക്ഷിക്കുന്നു 

Tuesday, June 10, 2014

മേഘങ്ങൾ പെയ്തിറങ്ങുകയാണ്......


വഴി തെറ്റിയ
പ്രവാഹം പോലെ
വേനലിന്റെ
സ്വകാര്യതയിലേക്ക്
മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

വരൾച്ച പാകിയ
ഉറവകൾക്കെല്ലാം
തെളിനീര്
ചുരത്താൻ,

സുഖന്ധം മറന്ന
പൂവുകൾക്ക്
തേൻ നിറയ്ക്കാൻ ,

സ്വപ്നങ്ങൾക്ക്
അവസാനമില്ലെന്ന്
സാക്ഷ്യപ്പെടുത്താൻ,

മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

മണ്ണിനും മഴക്കും
ആത്മാവിന്റെ
ഗന്ധം നിറച്ച്.

Sunday, June 8, 2014

മോഹൻലാലിന്റെ ചിത്രം (ഒരു ചിത്രം വരയുടെ കഥ)

എന്റെ കൂടെ പഠിച്ചിരുന്ന സന്ദീപും, സുജീഷും, കൃഷ്ണൻകുട്ടിയുമെല്ലാം പെൻസിൽ ചിത്രം വരകുന്നത് കാണുമ്പോൾ എനിക്കും വലിയ ആഗ്രഹമായിരുന്നു ...... അവര് വരക്കുന്നതുപോലെ ഒരെണ്ണം വരക്കണമെന്നും മറ്റുള്ളവരെയൊക്കെ കാണിച്ചു ഒന്ന് ഞാളിഞ്ഞു നടക്കണമെന്നുമോക്കെ...!!
അങ്ങനെ ഒരു പ്രഭാതത്തിന്റെ തുടക്കത്തിൽ വരപ്പിന്റെ ABCD പോലും അറിയാത്ത ഞാനും വരക്കാൻ തുടങ്ങി. അതും മോഹൻലാലിന്റെ ചിത്രം തന്നെ.
വരയോക്കെ കഴിഞ്ഞു... കുറേ സമയം ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു . മോഹൻലാലിന്റെ എവിടെയോക്കെയോ ഞളക്കം പറ്റിയിരിക്കുന്നു. മൂക്കിനാണോ, കവിളിനാണോ, ചുണ്ടിനാണോ.. ഒന്നും മനസിലാകാതെ ഇരിക്കുമ്പോഴാണ് അവൾ പതിയെവന്നു പേപ്പറും തട്ടിപ്പറച്ചുകൊണ്ട് ഓടിക്കളഞ്ഞത്... എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് വല്ല്യെചിയുടെ കയ്യിൽ കൊടുത്ത് പറഞ്ഞു കഴിഞ്ഞു...!!
"കുട്ടൻ വരച്ചതാ!!!"
ചേച്ചിക്ക് കൂടുതലൊന്നും നോക്കേണ്ടി വന്നില്ല .... ഉടനടി അവര് പറഞ്ഞു
"കുട്ടാ..... ശങ്കറ്..... സൂപ്പറായിട്ടുണ്ട് ! നിനക്ക് സമയം കിട്ടുമ്പോ ചേച്ചിക്ക് ഒരു ലാലേട്ടനെ വരച്ചു തരണം"
സ്വല്പം ഗമയിൽ നിന്ന എന്റെ ഉള്ളിൽ നിന്ന് പെട്ടന്ന് ഒരു കൊള്ളിയാൻ മിന്നി... "എന്റീശ്വരാ ... ലാലേട്ടനെ... വരച്ചപ്പോഴാണ്... ശങ്കറായത്..ഇനി അങ്ങേരെ വരയ്ക്കാൻ...." അതിനെക്കുറിച്ചു ഓർമിക്കുമ്പോൾ ഇന്നും എന്റെ ഉള്ളിലെവിടെയോ ഞാനറിയാതെ ഒരു ചിരിത്തുണ്ട് പൊട്ടിവിരിയുന്നുണ്ട് !!!!!

Thursday, June 5, 2014

ലൈകും കമന്റും

കണ്ണ്,  ചുണ്ട്
കവിൾ, കഴുത്ത്
അരക്കെട്ട്.

എഴുത്ത് നഗ്നതയിൽ
തോന്യാക്ഷരം കുറിച്ചപ്പോൾ
എല്ലാറ്റിനും ലൈക്കോട്
ലൈക്ക് തന്നെ.

കൂട്ടിക്കുറച്ചു
നോക്കിയപ്പോൾ
കിട്ടിയ ലൈക്കുകൾക്കും
കമന്റുകൾക്കും
അപ്പുറത്തെക്ക്  പോകാൻ
ഇനി  കവിതയിൽ
ഒന്ന് മാത്രമേ
അവശേഷിക്കുന്നുള്ളൂ...!

ഉരുക്കാൻ കൊടുക്കുന്ന
പൊന്നിലേക്ക്
വില്പ്പനക്കാരനെറിയുന്ന
അവസാനനോട്ടം പോലെ !!!

Wednesday, June 4, 2014

കാഴ്ച

മിഴികൾ 
ഹൃദയത്തിലെക്കുള്ള 
നിശബ്ദ കവാടങ്ങളാണ്.

Monday, June 2, 2014

വേനൽ പഴുതിലൂടെ


ആകാശം ഇരുളുകയാണ്
മാനായും മയിലായും
മഴക്കാടുകളായും
പുഴയായുമെല്ലാം

ചിലപ്പോഴൊക്കെ
കാളിയനെയും  കാളിന്ദിയേയും
ഓർമിപ്പിക്കും പോലെ

എത്രയാവർത്തിച്ചാലും
ആവർത്തനങ്ങളെ
വാർത്തെടുക്കാൻ
ശ്രമിക്കും പോലെ
ആകാശം ഇരുളുകയാണ്

മണ്ണിലും മനസ്സിലും
കാളിമ രൂപപ്പെടുത്തിക്കൊണ്ട്‌